കാസർകോട്: വന്ദേഭാരതിന് കല്ലെറിഞ്ഞ പതിനേഴുകാരനും റെയിൽവേ പാളത്തില്‍ കല്ലുവച്ച യുവാവും അറസ്റ്റിൽ. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം അറസ്റ്റിലായത്. ഇന്ന് (നവംബര്‍ 19) പുലര്‍ച്ചെ ആണ് പ്രതി കളനാട് റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വച്ചത്.
അമൃതസര്‍-കൊച്ചുവേളി എക്‌സ്‌പ്രസ് കടന്ന് പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് പിടിയിലായത്. ഇയാള്‍ ജോലി അന്വേഷിച്ച് കാസര്‍കോട് എത്തുകയായിരുന്നെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍ എം അലി അക്ബര്‍ പറഞ്ഞു. ചോദ്യം ചെയ്യലിൽ കൗതുകത്തിനു ചെയ്‌തെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് വന്ദേഭാരതിനു കല്ലേറ് ഉണ്ടായത്. ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം തുടരെയുള്ള ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പ്രശ്ചാത്തലത്തിൽ ആര്‍പിഎഫും പൊലീസും റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്ക് പട്രോളിങ് ശക്തമാക്കി. റെയിൽവെ പാളത്തിൽ കല്ല് വയ്‌ക്കുന്നതിൽ ഭൂരിഭാഗവും കുട്ടികൾ ആണെന്ന് പൊലീസ് കണ്ടെത്തിയുണ്ട്. ബോധവത്‌കരണവും മറ്റു നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read: എട്ടിന് പകരം ഇനി 20 കോച്ചുകള്‍; കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത്