പാലക്കാട് : വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട്ടെ വോട്ടർമാർ ഇന്ന് (നവംബർ 20) വിധിയെഴുതും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പുലർച്ചെ 5.30ന് തന്നെ മോക് പോൾ ആരംഭിച്ചു. 185 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെയോടെ (നവംബർ 19) പൂർത്തിയായി.
1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെൻഡര്‍ വോട്ടര്‍മാരുമുണ്ട്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിൻ്റെ സിറ്റിങ് മണ്ഡലമായ പാലക്കാടിൽ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ഉപതെരഞ്ഞെടുപ്പിലാണ് ജനവിധി തേടുന്നതെങ്കിലും ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫിനായി കോണ്‍ഗ്രസിൻ്റെ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി സിപിഎം സ്വതന്ത്രനായ പി സരിനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്‌ണ കുമാറുമാണ് മത്സരിക്കുന്നത്.
ഷാഫി പറമ്പിൽ നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് വിട്ട പി സരിന് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നിലെത്തിക്കണമെന്ന ചുമതലയാണുള്ളത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ നേരത്തെ നടത്തിയ മുന്നേറ്റം തുടരാനും കൃഷ്‌ണ കുമാറിലൂടെ മണ്ഡലം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
ഇന്ന് അവധി
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാകും.
ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി വരി നില്‍ക്കേണ്ട ആവശ്യമില്ല. അതുപോലെ ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിലെ 184 ബൂത്തുകളും താഴത്തെ നിലയിലാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്‌ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിങ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.
Also Read: പത്രപ്പരസ്യ വിവാദം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്