ഓരോ രാജ്യത്തിന്‍റെയും നിലനില്‍പ്പിന്‍റെ അത്യന്താപേക്ഷിതമാണ് ജനാധിപത്യം. ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നത്. ലോകത്ത് തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പണ്ട് കാലത്തെ രാജഭരണവും സാമ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ജനാധിപത്യം വളർന്നത്.
യുദ്ധവും പലായനവും ഭീകരതയും അധിനിവേശങ്ങളും വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തില്‍ ജനാധിപത്യത്തിന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ‘ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം’ എന്നാണ് ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കൺ നിർവചിച്ചത്.
രാജ്യം ഇന്ന് തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോള്‍ 93 വയസുള്ള ഒരു വൃദ്ധ തന്‍റെ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യം മുറുകെപിടിക്കുന്ന ഒരു മനോഹരമായ കാഴ്‌ചയാണ് കാണുന്നത്. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടക്കപ്പെട്ട സ്‌ത്രീയാണ് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ന് തന്‍റെ വോട്ടവകാശം വിനിയോഗിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഒരു മാസത്തെ ജയിൽവാസം അനുഭവിച്ച 93 കാരി അരുണ ചിറ്റാലെ നാഗ്‌പൂരിലാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എനിക്ക് പ്രായമായേക്കാം, പക്ഷേ അത് ഒരിക്കലും എന്‍റെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിന് ഒരു തടസമാകില്ല' എന്ന് ചിറ്റാലെ പറഞ്ഞു. നാഗ്‌പൂരിലെ ടൗൺ ഹാൾ ഏരിയയിലെ ഒരു പോളിങ് ബൂത്തിൽ മരുമകൾക്കൊപ്പമെത്തിയാണ് ചിറ്റാലെ വോട്ട് രേഖപ്പെടുത്തിയത്.
ഈ പ്രായത്തിൽ വോട്ട് ചെയ്യാൻ എന്താണ് പ്രേരിപ്പിച്ചതെന്ന ചോദ്യത്തോടും അവര്‍ പ്രതികരിച്ചു. 'എനിക്ക് പ്രായമുണ്ടെങ്കിലും എനിക്ക് വോട്ടുചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, അതിന് എന്‍റെ കുടുംബം എന്നെ സഹായിച്ചു. മുതിർന്ന പൗരന്മാരെ വോട്ട് ചെയ്യാൻ സഹായിക്കണം. യുവാക്കളെ അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും വേണം,' എന്ന് ചിറ്റാലെ പറഞ്ഞു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് താൻ ഒരു മാസത്തോളം ജയിലിൽ കിടന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാൻ വിമുഖത കാട്ടുന്ന യുവാക്കള്‍ക്ക് ഉള്‍പ്പെടെ ചിറ്റൊലെയെ പോലുള്ളവര്‍ ഒരു പ്രചോദനമാകട്ടെ... ജനാധിപത്യം ഏറെ മധുരമുള്ളതാണ്, എന്നാല്‍ അതില്ലാതെയാകുമ്പോള്‍ ഏറെ കയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് സാരം.
അതേസമയം, 288 നിയമസഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ ഇന്നാണ് വോട്ടെടുപ്പ്. എൻസിപിയും ശിവസേനയും കോൺഗ്രസും ഉൾപ്പെട്ട മഹാവികാസ് അഘാഡിയും ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത്ത് പവാർ പക്ഷവും ഉൾപ്പെട്ട മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം.
Read Also: മഹാരാഷ്‌ട്രയും ജാർഖണ്ഡും പോളിങ് ബൂത്തില്‍; വോട്ടിങ് ആരംഭിച്ചു