കോട്ടയം:ജമ്മു കശ്‌മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് (എന്‍സി) പുറത്തിറക്കിയ പ്രകടന പത്രികയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടന പത്രികയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ ഒന്നും തന്നെ വാർത്തയാക്കിയിട്ടില്ല എന്നത് ഒരു വസ്‌തുതയാണ്. വളരെ ഗുരുതരമായ രാജ്യ ദ്രോഹത്തിന് കുടപിടിക്കുന്ന ഒരു പ്രകടന പത്രികയാണ് ഈ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാഷണൽ കോൺഫറൻസ് പുറത്തിറക്കിയിരിക്കുന്നതന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള നാഷണൽ കോൺഫറൻസിന്‍റെ പ്രകടന പത്രികയോട് കോൺഗ്രസും ഇടതുപക്ഷ കക്ഷികളും ഇതുവരെ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് ഖേദകരമാണ്. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ സഖ്യം കശ്‌മീരിൽ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രകടന പത്രികയാണ് എൻസി പുറത്തിറക്കിയിരിക്കുന്നത്.
ജമ്മു കശ്‌മീരിൽ ദേശീയപതാകയ്ക്ക് ബദലായി മറ്റൊരു പതാക കൊണ്ടുവരും എന്നതാണ് പ്രകടന പത്രികയിൽ പ്രധാനമായും പറയുന്നത്. 370 -ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കും എന്നതാണ് പ്രകടനപത്രികയിലെ മറ്റൊരു വാഗ്‌ദാനമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.