കേരളം

kerala

ETV Bharat / state

'2023ല്‍ നടന്ന കൂടിക്കാഴ്‌ച എങ്ങനെ 2024ലെ പൂരം അലങ്കോലപ്പെടുത്തും, സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതല്‍ പങ്കുവയ്‌ക്കുന്നതിലുള്ള തര്‍ക്കം': കെ സുരേന്ദ്രന്‍ - Surendran Against CPM And Congress - SURENDRAN AGAINST CPM AND CONGRESS

എഡിജിപി-ആര്‍എസ്എസ്‌ കൂടിക്കാഴ്‌ച വിവാദത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് കളളക്കടത്ത് വഴി ഉണ്ടാക്കിയ കൊളളമുതല്‍ പങ്കുവയ്‌ക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണെന്ന് സുരേന്ദ്രന്‍.

ADGP Meeting With RSS Leader  K Surendran Criticized VD Satheesan  MR AJITH KUMAR KERALA CPM  സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍
K Surendran (K Surendran)

By ETV Bharat Kerala Team

Published : Sep 7, 2024, 7:17 PM IST

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് (ETV Bharat)

പത്തനംതിട്ട: കൊള്ള മുതല്‍ പങ്കുവയ്‌ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ നിയമവാഴ്‌ച പൂർണമായും തകർന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. 2023ല്‍ കൂടിക്കാഴ്‌ച നടത്തിയവർ എങ്ങനെ 2024ലെ പൂരം അലങ്കോലപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ ആറന്മുളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദിച്ചു.

കൊള്ള മുതല്‍ പങ്കുവയ്‌ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ സ്വര്‍ണ കള്ളക്കടത്തും മാഫിയ ക്വട്ടേഷൻ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോള്‍ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതല്‍ പങ്കുവയ്‌ക്കല്‍ തര്‍ക്കമാണ്. പൊലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വര്‍ണ കള്ളക്കടത്തും പാര്‍ട്ടിക്കുള്ളിലെ അതിന്‍റെ ഏജന്‍റുമാരും സ്വര്‍ണം അടിച്ചുമാറ്റുന്ന പൊലീസുകാരും തമ്മിലുള്ള തര്‍ക്കവുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്തുകാരെ ഔദ്യോഗികമായി പൊലീസ് സംവിധാനങ്ങള്‍ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ഈ ബന്ധം എത്തിനില്‍ക്കുന്നു. ഈ കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചത് അതീവ ഗൗരവകരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ഇതേ സംഘങ്ങള്‍ തന്നെയാണെന്ന് പുറത്തുവന്നിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തുകാരോടും മാഫിയ സംഘങ്ങളോടുമുള്ള സര്‍ക്കാരിന്‍റെ ബന്ധമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിമാനത്താവളത്തിനു പുറമേ നിന്ന് പിടിക്കുന്ന സ്വര്‍ണത്തില്‍ പൊലീസിന് ഇത്ര പൊട്ടിക്കുന്നവര്‍ക്ക് ഇത്ര എന്നിങ്ങനെയുള്ള പങ്കുവയ്‌ക്കലാണ് ഇപ്പോള്‍ തര്‍ക്കത്തില്‍ കലാശിച്ചിരിക്കുന്നത്.

സിപിഎമ്മിന്‍റെ സെക്രട്ടറിയേറ്റ് കഴിഞ്ഞതിനുശേഷം എംവി ഗോവിന്ദന്‍ അന്‍വര്‍ ആരാണെന്ന ചോദ്യത്തിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ എംവി ഗോവിന്ദനെ കണ്ട ശേഷമാണ് പിവി അന്‍വര്‍ വര്‍ദ്ധിത വീര്യത്തിലേക്ക് തിരിച്ചുവന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്ന എല്ലാം പരിശോധിക്കും അന്വേഷിക്കും എന്ന നിലപാടുകള്‍ എല്ലാം കള്ളമായിരുന്നു എന്നതാണ്.

സിപിഎമ്മിന് ഒരു ആത്മാര്‍ഥതയും ഈ കാര്യത്തില്‍ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടി പ്രശ്‌നമായി പരിഹരിക്കാന്‍ പറ്റുന്ന വിഷയമല്ല. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിഡി സതീശന്‍റേത് ഉണ്ടയില്ല വെടിയാണ്. 2023 മെയിലാണ് ആര്‍എസ്‌എസ് സര്‍കാര്യവാഹും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്‌ച തൃശൂരില്‍ നടന്നത്. 2023 മെയ് മാസത്തില്‍ ദത്താത്രയ ഹോസബലയും എംആര്‍ അജിത് കുമാറും ചേര്‍ന്ന് 2024 ഏപ്രില്‍ മാസത്തില്‍ നടന്ന പൂരം അലങ്കോലപ്പെടുത്തി എന്നു പറയുന്നത് എന്ത് മണ്ടത്തരമാണ്. ഇങ്ങനെയൊക്കെ വിഡി സതീശന്‍ പറയാന്‍ എന്ത് ലോജിക്കാണ് ഇതിലുള്ളത് എന്നും ബിജെപി നേതാവ് ചോദിച്ചു.

പൂരം കൊണ്ടാണ് മുരളീധരന്‍ പരാജയപ്പെട്ടതെന്നാണ് സതീശന്‍ പറയുന്നത്. ദയനീയമായി മൂന്നാം സ്ഥാനത്തായ സ്ഥാനാര്‍ഥിയാണ് മുരളീധരന്‍. വിഡി സതീശന്‍ ആളുകളെ വിഡ്ഢികളാക്കി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്. സിപിഐയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് സിപിഎമ്മും സര്‍ക്കാരുമാണ്.

സിപിഐയുടെ ആരോപണത്തിന് എന്തെങ്കിലും ഒരു കടലാസിന്‍റെ വിലയെങ്കിലും പിണറായി വിജയന്‍ കല്‍പ്പിച്ചിട്ടുണ്ടോ. ബിനോയ് വിശ്വം സെക്രട്ടറി ആയതിനുശേഷം ഒരു നിലപാടും നട്ടെല്ലും ഇല്ലാത്ത പാര്‍ട്ടിയായി സിപിഐ മാറി. അധികാരത്തിന്‍റെ പങ്കുവയ്‌ക്കലില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. സിപിമ്മിലാവട്ടെ അതിലുള്ള മാഫിയ സംഘങ്ങള്‍ കമ്പാർട്ട്‌മെന്‍റ് കമ്പാര്‍ട്ട്‌മെന്‍റുകളായി തമ്മിലടിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിപിഎമ്മില്‍ ആര്‍ക്കും ഇനി അന്തസോടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. നാലു ദിവസമായി തുടരുന്ന ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിൽ പുതുതായി ചേര്‍ന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്.

സിപിഎമ്മിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വരാനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ബിജെപി തയ്യാറാകുമെന്ന അതിമോഹം ഉണ്ടെങ്കില്‍ ചെന്നിത്തലയും സതീശനും അത് വാങ്ങി വയ്ക്കു‌ന്നതാണ് നല്ലത്. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇതിലും വലിയ കൊള്ളരുതായ്‌മകള്‍ കോണ്‍ഗ്രസുകാര്‍ ചെയ്‌തിട്ടുണ്ടെന്നും സിപിഎമ്മിനെ പോലെ തന്നെ കള്ളന്മാരാണ് കോണ്‍ഗ്രസുകാരെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read:ആര്‍എസ്എസ്‌-എഡിജിപി കൂടിക്കാഴ്‌ചയില്‍ വലഞ്ഞ് സിപിഎം; പൊട്ടിത്തെറിച്ച് ബിനോയ്‌ വിശ്വം, കൂടിക്കാഴ്‌ച എന്തിനെന്നത് ദുരൂഹം

ABOUT THE AUTHOR

...view details