കോഴിക്കോട്: എംഎൽഎ സ്ഥാനം വലിച്ചെറിഞ്ഞ് തൃണമൂൽ കോൺഗ്രസിന്‍റെ സ്റ്റേറ്റ് കോഡിനേറ്ററായ പി വി അൻവർ ലക്ഷ്യമിടുന്നത് യുഡിഎഫ് പ്രവേശനം തന്നെ. ഇടത് വിരുദ്ധ ചേരിയിൽ നിന്ന് പട നയിക്കാൻ മമതാ ബാനർജിയുടെ ആശീർവാദവുമുണ്ട്. അതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഒരു സീറ്റിലും അൻവർ കണ്ണുവച്ചിട്ടുണ്ട്.
നിലമ്പൂരിൽ ഇറങ്ങാൻ മനസിൽ കൊതിയുണ്ടെങ്കിലും ആര്യാടൻ ഷൗക്കത്ത് മുന്നിട്ടിറങ്ങി തോൽപ്പിക്കും എന്ന് അൻവറിന് അറിയാം. അവിടെ പാളയത്തിൽ പടയുണ്ടാക്കാനാണ് അൻവർ വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. ആറ് മാസത്തിനകം ഒരു ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം എന്നിരിക്കെ നിലമ്പൂർ പോർക്കളമാകും.
തൃണമൂൽ കോൺഗ്രസിന്‍റെ സ്റ്റേറ്റ് കോഡിനേറ്ററായി അൻവറിനെ നിയമിച്ചതിലൂടെ മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്കാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത വിളിച്ചു പറയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വവുമായി മഹുവ മൊയിത്രയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് പാർട്ടി യുഡിഎഫിന്‍റെ ഭാഗമായി മത്സരിക്കാനുള്ള ചർച്ചകൾ നടത്തും. പാണക്കാട് പോയി തങ്ങൾ അടക്കമുള്ളവരെ അൻവർ കഴിഞ്ഞ ദിവസം കണ്ടതും ഈ നീക്കങ്ങളുടെ ഭാഗമാണ്.
ബിജെപിക്കെതിരായ പാർട്ടി നീക്കം തന്നെയാണ് കേരളത്തിലും പ്രകടമാകുന്നത് എന്നാണ് ടിഎംസി നേതാക്കളുടെ വാദം. രാജ്യസഭ സീറ്റ് ഉൾപ്പടെ ഒരു വാഗ്‌ദാനവും അൻവറിന് നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പിവി അൻവറിനെ തൃണമൂൽ കോൺഗ്രസിലേക്ക് പാർട്ടിയിൽ രണ്ടാമനായ അഭിഷേക് ബാനർജിയാണ് ക്ഷണിച്ചത്. അതേസമയം മമത ബാനർജിയുമായി പ്രത്യേ കൂടിക്കാഴ്‌ച ഉണ്ടായില്ല. പശ്ചിമ ബംഗാളിനപ്പുറം വളരുന്നതിനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ലക്ഷ്യം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ചിലപ്പോഴെങ്കിലും ഫലം കണ്ടത്.
ഗോവയിൽ വലിയ നീക്കങ്ങൾ മമത നടത്തിയെങ്കിലും പാളി. യുപിയിൽ അഖിലേഷ് യാദവ് മമതയുടെ പാർട്ടിക്ക് ഒരു സീറ്റ് നൽകാൻ തയ്യാറായി. കേരളത്തിൽ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്പോൾ നിയമസഭയിൽ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് പരമാവധി ലക്ഷ്യം എന്ന് അനുമാനിക്കാം.