ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് ഫോൺ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സാംസങിന്‍റെ മുൻനിര സ്‌മാർട്ട്‌ഫോൺ ലൈനപ്പായ സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഈ സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ ജനുവരി 22ന് പുറത്തിറങ്ങുമെന്നാണ് സൂചന. ഇതിനിടെ വരാനിരിക്കുന്ന ഫോണുകളുടെ ഡിസൈനും സ്പെസിഫിക്കേഷനുകളും ഒരു ടിപ്‌സ്റ്റർ ചോർത്തിയിരിക്കുകയാണ്.
ഗാലക്‌സി എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നീ മോഡലുകളാണ് ഈ ലൈനപ്പിൽ വരാനിരിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 അൾട്ര കർവ്‌ഡ് കോർണർ ഡിസൈനിൽ വരുമെന്നാണ് ടിപ്‌സ്റ്റർ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചോർന്ന വിവരങ്ങൾ പ്രകാരം പുതിയ സീരീസിലെ ഫോണുകളുടെ വിശദമായ സ്‌പെസിഫിക്കേഷനുകളും, മുൻ മോഡലുകളിൽ നിന്നും ഡിസൈൻ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പരിശോധിക്കാം.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ ഡിസൈൻ:
ഈ സീരീസിലെ സ്റ്റാൻഡേർഡ് മോഡലിന്‍റെയും എസ് 25 പ്ലസിന്‍റെയും ഡിസൈൻ മുൻ മോഡലുകൾക്ക് സമാനമാണെന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് സബ്‌സ്റ്റാക്ക് വഴി പങ്കിട്ട ഫോട്ടോകൾ സൂചിപ്പിക്കുന്നത്. ക്യാമറ റിങോട് കൂടിയ ക്യാമറ യൂണിറ്റാണ് രണ്ട് മോഡലുകളിലും ഫീച്ചർ ചെയ്യുന്നത്. ഫ്രണ്ട് ക്യാമറയ്‌ക്ക് ഐഡന്‍റിക്കൽ ഹോൾ പഞ്ച് കട്ട്‌ഔട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം എസ് 25 അൾട്രായുടെ ഡിസൈനിൽ മാറ്റങ്ങളുണ്ടാകാമെന്നാണ് റെൻഡറുകൾ സൂചിപ്പിക്കുന്നത്. അൾട്രായുടെ മുൻ മോഡലുകളിൽ സ്ഥിരമായി ഉണ്ടായിരുന്ന ബോക്‌സി ഡിസൈനിന് പകരം വൃത്താകൃതിയിലുള്ള കോണുകളിലായിരിക്കും എസ് 25 അൾട്രാ എത്തുകയെന്നാണ് ടിപ്‌സ്റ്റർ സൂചന നൽകുന്നത്.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ സ്‌പെസിഫിക്കേഷനുകൾ:
ആൻഡ്രോയ്‌ഡ് വാർത്താ പ്ലാറ്റ്‌ഫോമായ ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈൻസ് റിപ്പോർട്ട് അനുസരിച്ച്, ഗാലക്‌സി എസ് 25 സീരീസിലെ മുഴുവൻ ഫോണുകളും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റിലായിരിക്കും പ്രവർത്തിക്കുക. എല്ലാ മോഡലുകളിലും സ്റ്റോറേജ് 12 ജിബി റാം സ്റ്റാർഡേർഡായി നൽകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലും സമാനമായിരിക്കുമോ എന്നതിൽ വ്യക്തതയില്ല. ഈ ലൈനപ്പിലെ ഫോണുകൾ ഡ്യുവൽ സിം (ഇ-സിം സപ്പോർട്ട്), വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3 എന്നീ കണക്‌റ്റിവിറ്റികൾ പിന്തുണയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാംസങ് ഗാലക്‌സി എസ് 25:
ബേസിക് മോഡലിന്‍റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ ക്യാമറയുടെ കാര്യത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 12 എംപിയുടെ ഫ്രണ്ട് ക്യാമറ ഫീച്ചർ ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു റിപ്പോർട്ട്. 2,340×1,080 പിക്‌സൽ റെസല്യൂഷനുള്ള 6.2 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനായിരിക്കും ഗാലക്‌സി എസ് 25 ബേസിക് മോഡലിൽ ഉണ്ടായിരിക്കുക. ഫോണിന് 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ആയിരിക്കും നൽകുക.
ബേസിക് മോഡൽ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകാം. 25W വയേർഡ് ചാർജിങും വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയായിരിക്കും നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്. 162 ഗ്രാം ഭാരത്തിലായിരിക്കും ബേസിക് മോഡൽ പുറത്തിറക്കുക.
സാംസങ് ഗാലക്‌സി എസ് 25 പ്ലസ്:
ഗാലക്‌സി എസ് 25 പ്ലസിന്‍റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ 3,120×1,440 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനാണ് ലഭിക്കുകയെന്നാണ് സൂചന. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ആയിരിക്കും നൽകുക. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലാവും എസ് 25 പ്ലസ് ലഭ്യമാവുക. 45 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 4,900 mAh ബാറ്ററിയായിരിക്കും എസ് 25 പ്ലസിന് ലഭിക്കുക.
ഗാലക്‌സി എസ് 25 അടിസ്ഥാന വേരിയന്‍റിനും പ്ലസ് മോഡലിനും ട്രിപ്പിൾ ക്യാമറ സജ്ജീകരണമായിരിക്കും വഭിക്കുക. 50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ് ആങ്കിൾ ലെൻസ്, ഒഐഎസോടു കൂടിയ 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്നതായിരിക്കും ട്രിപ്പിൾ ക്യാമറ സജ്ജീകരണം. 3x ഒപ്‌റ്റിക്കൽ സൂമും ലഭിക്കും. കൂടാതെ 2.2 അപ്പർച്ചറുള്ള 12 എംപി ഫ്രണ്ട് ക്യാമറ്യയായിരിക്കും നൽകുക.
സാംസങ് ഗാലക്‌സി എസ് 25 അൾട്ര:
സാംസങ് ഗാലക്‌സി എസ് 25 സീരീസിലെ ഏറ്റവും വലിയ ഫോണായ എസ് 25 അൾട്രയ്‌ക്ക് 6.9 ഇഞ്ച് വലിപ്പമുണ്ടായിരിക്കുമെന്നാണ് സൂചന. 3,120×1,440 പിക്‌സൽ റെസല്യൂഷനുള്ള ഡൈനാമിക് AMOLED 2X സ്‌ക്രീനായിരിക്കും അൾട്രാ വേരിയന്‍റിനും ലഭിക്കും. കൂടാതെ 120 ഹെട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലായിരിക്കും പുറത്തിറക്കുക. ബാറ്ററിയുടെ കാര്യത്തിൽ 5,000mAh കപ്പിസിറ്റിയുള്ള ബാറ്ററിയും 45 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങുമായിരിക്കും ഫീച്ചർ ചെയ്യുക. 200 എംപി പ്രൈമറി ലെൻസും, 50 എംപി അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും, 5x ഒപ്‌റ്റിക്കൽ സൂമും ഒഐഎസുമുള്ള 50 എംപി ടെലിഫോട്ടോ ലെൻസും, ഒഐഎസും 3x ഒപ്‌റ്റിക്കൽ സൂമുമുള്ള 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് എസ് 25 അൾട്ര മോഡലിലുണ്ടാകുക.
ലോഞ്ച് എന്ന്?
കാലിഫോർണിയയിലെ സാൻ ജോസിൽ ജനുവരി 22ന് നടക്കുന്ന സാംസങിന്‍റെ വാർഷിക പരിപാടിയിലായിരിക്കും അവതരിപ്പിക്കുക. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സാംസങ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. എസ് 25 സീരീസിലെ ഫോണുകൾക്കായുള്ള പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ജനുവരി 22ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും ലോഞ്ച് ഇവന്‍റ് നടക്കുക. സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, ന്യൂസ്‌റൂം, സാംസങിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ വഴി സാംസങ് ഗാലക്‌സി അൺപാക്ക്‌ഡ് ഇവന്‍റ് ലൈവായി കാണാൻ സാധിക്കും.
1,999 രൂപ നൽകി ഈ സീരീസിലെ ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ബുക്ക് ചെയ്യുന്നവർക്ക് വിഐപി പാസ് ലഭിക്കും. ഈ തുക റീഫണ്ട് ചെയ്യാവുന്നതാണ്. ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് വഴി ലഭിക്കുന്ന ഇ-വൗച്ചറിൽ 5,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. അതായത് സാംസങ് ഗാലക്‌സിയുടെ വരാനിരിക്കുന്ന ഉപകരണങ്ങൾ വിഐപി പാസ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ വിഐപി പാസ് സ്വന്തമാക്കുന്നവർക്ക് 50,000 രൂപയുടെ ഗിവ്എവേയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
Also Read:
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ
- മീഡിയാടെക് ഡൈമൻസിറ്റിയുടെ കരുത്തിൽ പോക്കോയുടെ പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഒട്ടനവധി ഫീച്ചറുകളും
- കിടിലൻ ക്യാമറയും മികച്ച പ്രോസസറും: പിന്നെന്തു വേണം! ഓപ്പോ റെനോ 13 സീരീസ് അവതരിപ്പിച്ചു
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ