പത്തനംതിട്ട: 60-ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി. കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 29 എഫ്‌ഐആറുകള്‍. വൈകീട്ടോടെ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. 43 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പെണ്‍കുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി.
റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചു. പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ദീപു പെണ്‍കുട്ടിയെ കാണുന്നു. കാറില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ദീപു, പെണ്‍കുട്ടിയെ മന്ദിരംപടിയിലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയ ശേഷം ഇവര്‍ കടന്നുകളഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവച്ചാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വച്ച് പീഡിപ്പിച്ചു. രണ്ടുപേരാണ് പീഡിപ്പിച്ചത്. തോട്ടുപുറത്തെ അടച്ചിട്ടിരുന്ന കെട്ടിടത്തിന് സമീപം വാഹനം പാര്‍ക്കു ചെയ്‌താണ്, കാറിനുള്ളില്‍ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിനുശേഷം കാറില്‍ തന്നെ വീടിനു സമീപം കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നു.
നിർണായകമായത് പെണ്‍കുട്ടിയുടെ പിതാവിൻ്റെ മൊബൈല്‍ ഫോണ്‍
സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിൻ്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ശാസ്‌ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആദ്യമായി പീഡനത്തിന് ഇരയായത് പതിമൂന്നാം വയസില്‍
കുട്ടിയെ പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലെ മോർച്ചറിക്ക് സമീപം വച്ച് വരെ പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പതിമൂന്നാം വയസിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ട്. ദിവസങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി)മുൻപില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കൂടാതെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചേർത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ എഡിജിപി നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബേഗത്തിൻ്റെ മേൽനോട്ടത്തിലും ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുമായിരിക്കും പുതിയ സംഘം കേസുകൾ അന്വേഷിക്കുക. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പെൺകുട്ടിയെ സന്ദർശിച്ച് ബാലാവകാശ കമ്മിഷൻ
അതേസമയം പീഡിപ്പിക്കപ്പെട്ട കുട്ടിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. എൻ സുനന്ദ കോന്നിയിലെ ഷെൽറ്റർ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്.
ആശ്വാസനിധിയിൽ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദേശം നൽകി. ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം കമ്മിഷൻ അംഗം പറഞ്ഞു.