കേരളം

kerala

ETV Bharat / state

നടന്നത് 25 കോടിയുടെ ബാര്‍ കോഴ; മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ - K SUDHAKARAN ON BAR CORRUPTION - K SUDHAKARAN ON BAR CORRUPTION

സംസ്ഥാനത്ത് 25 കോടിയുടെ ബാര്‍ കോഴയ്‌ക്കുള്ള ശ്രമമാണ് നടന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും രൂക്ഷവിമര്‍ശനം.

K SUDHAKARAN  ബാര്‍ കോഴ ആരോപണം  എംബി രാജേഷ്  KPCC PRESIDENT KERALA
KPCC PRESIDENT K SUDHAKARAN (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 24, 2024, 1:01 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്‌ക്കുള്ള ശ്രമം വ്യക്തമാക്കുന്ന ശബ്‌ദ സന്ദേശം പുറത്തു വന്ന വിഷയത്തിൽ നടന്നത് 25 കോടിയുടെ കോഴയാണെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. 900 ബാറുകളില്‍ നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്.

വലിയൊരു തുക തെരഞ്ഞെടുപ്പിനു മുമ്പും സമാഹരിച്ചതായി കേള്‍ക്കുന്നു. ഇപ്പോള്‍ പിരിക്കുന്നത് കുടിശ്ശികയാണ്. ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന ഐടി പാര്‍ക്കുകളിലെ മദ്യ വില്‍പന, ബാര്‍ സമയപരിധി വർധന, ഡ്രൈഡേ പിന്‍വലിക്കൽ തുടങ്ങിയ നടപടികള്‍ക്കാണ് നീക്കം.

കേരളത്തെ മദ്യത്തില്‍ മുക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ മദ്യനയം. ഐടി പാര്‍ക്കുകളില്‍ ഉൾപ്പെടെ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഭയാനകമായ തീരുമാനമാണിത്. പിണറായി വിജയന്‍ നശിപ്പിക്കുന്നത് അവരുടെ ജീവിതവും ജീവനുമാണ്.

മദ്യവും മയക്കുമരുന്നും കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍ ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌താണ്. കോഴയ്ക്കുവേണ്ടി അതെല്ലാം പിണറായി വെള്ളത്തില്‍ മുക്കിയെന്നും കെ സുധാകരൻ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ ഇടതുപക്ഷത്തിന്‍റെ വലിയ പ്രക്ഷോഭം ഉണ്ടായത് ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ്. 25 കോടിയുടെ ഇടപാടാണ് ഇപ്പോഴത്തേത്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ALSO READ:'ഡ്രൈഡേ നീക്കും, രണ്ടരലക്ഷം വീതം നല്‍കണം' ; മദ്യനയത്തിലെ ഇളവിന് പണം നല്‍കാന്‍ ബാര്‍ ഉടമകളുടെ സംഘടനാനേതാവിന്‍റെ ശബ്ദസന്ദേശം

ABOUT THE AUTHOR

...view details