കണ്ണൂർ :കരടിക്ക് പിന്നാലെ പുലി, പുലിക്ക് പിന്നാലെ ആന, ആനയ്‌ക്ക് പിന്നാലെ കടുവ, ഇങ്ങനെ വന്യമൃഗങ്ങളെല്ലാം നാടിറങ്ങുമ്പോൾ വനം വകുപ്പിന്‍റെ ദൗത്യം എല്ലാം പാളുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നാടിറങ്ങിയ വന്യമൃഗങ്ങളെ തിരിച്ചു കാട് കയറ്റുന്നതിലും മയക്കുവെടി വയ്‌ക്കുന്നതിലും സര്‍ക്കാർ സമ്പൂർണമായി പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വനം മന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനം ആണ് നടത്തിയത് (KPCC President K. Sudhakaran Criticized Forest Minister).
ഒരു മൃഗം നമ്മുടെ വനത്തിൽ എത്തിയാൽ തൽക്ഷണം വിവരം വനം വകുപ്പിന് കിട്ടും. അതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അത് കിട്ടിയാൽ വളരെ ജാഗ്രതയോടെ അതിനെ പിടിക്കുകയോ മറ്റു നടപടി ക്രമങ്ങളിലേക്ക് നീങ്ങുകയോ ചെയ്യണം. ഇല്ലെങ്കിൽ അത് ജനങ്ങൾക്ക് നേരെ തിരിയുമെന്ന് ഉറപ്പാണ്. എന്നാൽ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.
വയനാട്ടിൽ അജീഷിനെ കൊലപ്പെടുത്തിയ ആന ജനവാസ കേന്ദ്രത്തിൽ എത്തിയ വിവരം രണ്ടു ദിവസം മുമ്പേ വനം വകുപ്പിന് അറിയാം. എന്നാൽ ആനയെ ലൊക്കേറ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നോക്കിനിൽകയാണെന്നും അതിനെയാണ് ഞങ്ങൾ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.