ശ്രീനഗർ : കശ്‌മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താൻ ജയില്‍ മോചിതനായി (Journalist Asif Sultan released). പൊതുസുരക്ഷ നിയമം അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിച്ച ആസിഫിന് ചൊവ്വാഴ്‌ചയാണ് (27-02-2024) മോചനം ലഭിച്ചത്. ആസിഫ് സുൽത്താന്‍റെ ജയില്‍ ശിക്ഷ ജമ്മു കശ്‌മീർ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജയില്‍ ശിക്ഷ റദ്ദാക്കി എന്ന ഹൈക്കോടതി വിധി വന്ന് 78 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് മോചനം ലഭിക്കുന്നത്. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ല ജയിലിലായിരുന്നു ആസിഫ്.
ശ്രീനഗർ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിൽ നിന്നും പൊലീസ് ഏജൻസികളിൽ നിന്നും ആസിഫ് സുൽത്താന്‍റെ കുടുംബത്തിന് മോചന ഉത്തരവ് ലഭിച്ചു. ഇതേ തുടർന്ന് വിട്ടയയ്‌ക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനഗറിൽ തീവ്രവാദികളെ പിന്തുണച്ചു എന്നാരോപിച്ച് 2018 ൽ ജമ്മു കശ്‌മീർ പൊലീസാണ് ആസിഫിനെ അറസ്‌റ്റ് ചെയ്‌തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് ആസിഫിനെതിരെ കേസെടുത്തത്.
പലതവണ അപ്പീലുകൾ നൽകിയ ശേഷം, ജമ്മു കശ്‌മീർ ഹൈക്കോടതി 2021 ൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജമ്മു കശ്‌മീർ ഭരണകൂടം പിഎസ്എ പ്രകാരം കേസെടുത്ത് ആസിഫിനെ യുപിയിലെ അംബേദ്‌കർ നഗർ ജില്ല ജയിലിലേക്ക് മാറ്റുകയായിരുന്നു. ഡിസംബർ 11 ന് ജമ്മു കശ്‌മീർ ഹൈക്കോടതി അദ്ദേഹത്തിന്‍റെ ശിക്ഷ റദ്ദാക്കി. എന്നാൽ പൊലീസും ശ്രീനഗർ ജില്ല മജിസ്‌ട്രേറ്റും അദ്ദേഹത്തിന് ക്ലിയറൻസ് നൽകാൻ വീണ്ടും സമയമെടുത്തു.