തിരുവനന്തപുരം: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട തെളിവുകൾ കുടുംബം കോടതിയിൽ ഹാജരാക്കി. ഫോട്ടോകൾ അടങ്ങിയ രേഖകൾ പെൻഡ്രൈവിലാക്കിയാണ് ഹാജരാക്കിയത്. സമർപ്പിച്ച രേഖകൾ സിബിഐയുടെ കേസ് ഡയറിയിൽ ഉള്ളതാണോ എന്ന് ഒത്തുനോക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ നേരിട്ട് ഹാജരാകും.
കേസിന്‍റെ മുഴുവൻ സാധ്യതകളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു. പുതിയ തെളിവുകൾ സീൽ ചെയ്‌ത കവറിൽ കൈമാറാനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തന്‍റെ മകൾ ജീവിച്ചിരിപ്പില്ലെന്നും, അഞ്ജാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ തയ്യാറായില്ലെന്നുമാണ് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നത്. എന്നാൽ ശരിയായി കൃത്യമായി തന്നെയാണ് അന്വേഷണം നടത്തിയത് എന്നാണ് സിബിഐ അറിയിച്ചത്.