"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമൽ ഉറക്കമായ് ഉണർത്തരുതേ".... ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് മലയാളത്തിന്‍റെ ഭാവഗായകന്‍ എന്നെന്നേക്കുമായി യാത്രയാകുയാണ്. മലയാളിയെ പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, വേദനയുടെ, സംഗീതത്തിന്‍റെ ഭാഷ പഠിപ്പിച്ച മനുഷ്യന്‍.. കാലത്തിന് സ്‌പർശിക്കാനാവാത്ത നിത്യഹരിതസ്വരം... വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അലയടിക്കുന്ന ഭാവതീവ്രമായ ആലാപനം...
തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ജയചന്ദ്രന്‍ എന്ന അസാമാന്യ പ്രതിഭ വിടവാങ്ങുമ്പോള്‍ മലയാളത്തിന് നഷ്‌ടങ്ങള്‍ ഏറെയാണ്. 'ആരോടും പകയില്ല; പരിഭവമില്ല; അസൂയയോ വിദ്വേഷമോ ഇല്ല; അഹങ്കാരം ലവലേശമില്ല. ആകെയുള്ളത് സ്വൽപ്പം മുൻകോപം മാത്രം. അതാകട്ടെ, ക്ഷണികമാണ് താനും. സന്യാസിയെന്നോ സാത്വികനെന്നോ വിളിക്കാം, സൗകര്യം പോലെ. ജയചന്ദ്രൻ'പകരം വെക്കാനില്ലാത്ത പാട്ടുകാനെ കുറിച്ച് പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവിമേനോൻ്റെ വാക്കുകള്‍...
വിവാദങ്ങളിലൊന്നും ചെന്ന് തലവെക്കാതെ, നാട്ടിൽ നടക്കുന്ന കാര്യങ്ങളിലെല്ലാം ജന്മനിയോഗമെന്നോണം വിദഗ്‌ധാഭിപ്രായം തട്ടിമൂളിക്കാൻ നിൽക്കാതെ, പാട്ടിൻ്റെ ലോകത്ത് മാത്രം ഏകാകിയെപ്പോലെ വിഹരിക്കുന്ന മനുഷ്യൻ. മൂന്നേ മൂന്ന് ദൗർബല്യങ്ങളേ ഉള്ളൂ അദ്ദേഹത്തിന്. മുഹമ്മദ് റഫി, പി സുശീല... പിന്നെ നല്ല മൊരിഞ്ഞ ദോശയും. ഇഷ്‌ടക്കാരുടെ സ്നേഹത്തിനു മുന്നിൽ നിരായുധനായിപ്പോകും ചിലപ്പോൾ. വിവരദോഷികൾക്ക് മുന്നിൽ വെളിച്ചപ്പാടും. സുഖദമായ ഉച്ചയുറക്കത്തിൽ നിന്ന് വിളിച്ചുണർത്തുന്നത് അമേരിക്കൻ പ്രസിഡന്‍റ് ആണെങ്കിൽ പോലും ഒരു പൊട്ടിത്തെറി ഉറപ്പ്.
2021 ൽ ജയചന്ദ്രന്‍ ജെസി ഡാനിയൽ അവാർഡ് ലഭിച്ചപ്പോൾ രവിമേനോന്‍ മലയാളത്തിന്‍റെ ശബ്‌ദചാരുതയെ അടയാളപ്പെടുത്തിയതെങ്ങനെ.. ഓലഞ്ഞാലിക്കുരുവി.. കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീലെ.. ശാരദാംബരം ചാരു ചന്ദ്രികാ.. ആലിലത്താലിയുമായ് വരുമീ.. മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു... നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ.. തേരിറങ്ങും മുകിലേ എന്നിങ്ങനെ മലയാളിയുടെ മനസിനെ പ്രണയാർദ്രമാക്കിയ ഒട്ടേറെ ഗാനങ്ങള്‍...
വിരഹവും പ്രണയവും മാത്രമല്ല, 90 കളിലെ യുവത്വത്തെ ആവേശത്തിലാഴ്ത്തിയ പ്രായം നമ്മിൽ മോഹം നൽകി തുടങ്ങി പുതിയ കാല കൗമാരങ്ങളെ അടക്കി ഭരിച്ച ഇനി കണ്ണീരൊന്നും വേണ്ട... മനം പൊള്ളും നോവും വേണ്ട... തുടങ്ങിയ വരികളും ജയചന്ദ്രന്‍റെ ശബ്‌ദ മാന്ത്രികതക്ക് മുന്നിൽ അനായാസം വഴങ്ങി. 80 കളിലെ "സ്വർണഗോപുര നർത്തകീ ശിൽപം കണ്ണിന് സായൂജ്യം നിൻ രൂപം..." എന്നു തുടങ്ങി 2020 കളിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനം വരെ ഒരോ തുലാസിൽ മാറ്റമില്ലാതെ തുടരുന്നു.
സുപ്രഭാതം പാടിയുണര്‍ത്താന്‍ മലയാളികള്‍ക്ക് ജയേട്ടൻ വേണം. പണിതീരാത്തവീട് എന്ന ചിത്രത്തിലെ 'സുപ്രഭാതം' ഗാനത്തിലൂടെയാണ് ജയചന്ദ്രൻ ആദ്യത്തെ സംസ്ഥാന പുരസ്‌കാരത്തിലേക്ക് ചുവട് വക്കുന്നത്. പിന്നീട്, രാഗം ശ്രീരാഗം.. തിളക്കത്തിലെ നീയൊരു പുഴയായ്... തുടങ്ങീ ഗാനങ്ങളിലൂടെയും അനായാസമായ ആലാപനത്തിന് കേരള സർക്കാർ മികച്ച ഗായകനെന്ന അംഗീകാരം നൽകി. ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ... ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായി.
ഗാനമല്ല ഭാവമാണ് ജയചന്ദ്രൻ
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മൃദങ്ക വാദ്യത്തിലും ലളിത സംഗീതത്തിലും പി ജയചന്ദ്രൻ അഗ്രഗണ്യൻ ആയിരുന്നു. 1965ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂ മാലയുമായി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പി ജയചന്ദ്രൻ പിന്നണി ഗായകൻ ആകുന്നത്. എ.ആർ റഹ്മാൻ തൻ്റെ ഒമ്പതാം വയസിൽ സംഗീതം ചെയ്‌ത ഗാനവും ആലപിച്ചത് ജയചന്ദ്രനാണ്.