തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രൻ്റെ സംസ്‌കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം പൊതുദർശനത്തിനായി മാറ്റി.
അദ്ദേഹത്തിൻ്റെ പൂങ്കുന്നത്തെ വസതിയിലാണ് പൊതുദർശനം നടക്കുന്നത്. നാളെ രാവിലെ എട്ടരയോടെയാകും പറവൂർ ചേന്ദമംഗലത്തേക്ക് കൊണ്ടുപോവുക. വൈകുന്നേരം മൂന്നരക്കാണ് സംസ്‌കാരം. ജയചന്ദ്രൻ്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി.