പല്ലുകളെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യവും മുഖസൗന്ദര്യവും നിലനിർത്താൻ ഇത് സഹായിക്കും. ദന്താരോഗ്യം സംരക്ഷിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. അത്തരത്തിൽ ദന്തസംരക്ഷണത്തിനായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
പതിവായുള്ള പരിശോധന
ഓരോ ആറ് മാസം കൂടുമ്പോൾ ദന്തപരിശോധന നടത്തുക. ഇത് ദന്ത പ്രശ്‌നങ്ങൾ നേരത്തെ കണ്ടുപിടിക്കാനും പല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഇത് പല്ലിന്‍റെ ഇനാമലിനെ നശിപ്പിക്കാൻ കാരണമാകും. അച്ചാറുകൾ പോലുള്ള അസിഡിറ്റി അടങ്ങിയ ഭക്ഷണങ്ങളും ഇനാമലിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. അതിനാൽ മധുരമടങ്ങിയതും അസിഡിറ്റി അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ദിവസത്തിൽ രണ്ടു തവണ ബ്രഷ് ചെയ്യുക
പല്ലുകൾ വൃത്തിയായി സൂക്ഷിക്കാൻ ദിവസവും രാവിലെയും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്താനും ബാക്‌ടീരിയകളെ നശിപ്പിക്കാനും ഇത് സഹായിക്കും. അതിനായി ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റും മൃദുവായ ടൂത്ത് ബ്രഷും ഉപയോഗിക്കുക.
ഫ്ലോസ് ഉപയോഗിക്കുക
പല്ലുകൾ വൃത്തിയാക്കാൻ ഫ്ലോസ് അഥവാ സിൽക്ക് നൂൽ ഉപയോഗിക്കുക. ഇത് പല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. മോണ സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
മൗത്ത് വാഷ്
വായയുടെ ആരോഗ്യം നിലനിർത്താൻ മൗത്ത് വാഷിന്‍റെ ഉപയോഗം സഹായിക്കും. വായ്‌നാറ്റം, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ബാക്‌ടീരിയകളെ നശിപ്പിക്കാൻ ഇത് ഗുണം ചെയ്യും. കാവിറ്റി തടയാനും മോണകളെ സെൻസിറ്റിവിറ്റിയിൽ നിന്ന് സംരക്ഷിക്കാനും മൗത്ത് വാഷ് സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അതിനായി യോഗേർട്ട്, ചീസ്, ഇലക്കറികൾ, ആപ്പിൾ, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഭക്ഷണം കഴിച്ച ശേഷം വായ കഴുകുക
ഭക്ഷണം കഴിച്ചയുടൻ വായ കഴുകുക. പല്ലുകളുടെയും വായയുടെയും ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.