കോഴിക്കോട്: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പൊലീസ് കേസെടുത്തതോടെ വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവർ പ്രതികളായതോടെ ജില്ലയിലെ പാർട്ടി പ്രതിസന്ധിയിലാണ്. രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഡിസിസി ഓഫീസിൽ.
പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ അറസ്‌റ്റ് ഭയന്ന് മാറിനിൽക്കുകയാണെന്നാണ് സൂചന. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും, കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥിരീകരിക്കുന്നു. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്.
എൻ ഡി അപ്പച്ചൻ വ്യാഴാഴ്‌ച തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐ സി ബാലകൃഷ്‌ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി, നേതാക്കളുടെ അറസ്‌റ്റ് തടഞ്ഞ് ഉത്തരവിറക്കിയത് താൽക്കാലിക ആശ്വാസമായി. ഈ മാസം 15 വരെയാണ് അറസ്‌റ്റ് തടഞ്ഞത്. കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും കോടതി തുടർ നടപടികൾ സ്വീകരിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേതാക്കൾ തട്ടിയെടുത്ത പണത്തിൻ്റെയും പാർടിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ലക്ഷങ്ങളുടെയും ബാധ്യതയും താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നത് എന്നാണ് വിജയൻ്റെ കുറിപ്പ്. 'ബാങ്ക് നിയമനങ്ങൾക്കായി വാങ്ങിയ പണം നേതാക്കൾ പങ്കിട്ടെടുത്തു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നിർദേശപ്രകാരമാണ് പണം നൽകിയത്. കടത്തിൽ കുരുങ്ങിയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല' ഇതായിരുന്നു കത്തിലുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം ബിനാമി ഇടപാടുകളിലൂടെയാണ് പണം വകമാറ്റിയതെന്നാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ പോലും അടക്കംപറയുന്നത്. ഇതിൻ്റെ നിജസ്ഥിതിയാണ് പൊലീസും തേടുന്നത്. ആരെങ്കിലും വെളിപ്പെടുത്തലുമായി പുറത്ത് വരുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനിൽക്കുകയാണ്. എംഎൽഎയും ഡിസിസി പ്രസിഡൻ്റും പ്രതികളായിട്ടും വിജയൻ്റെ മരണത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിട്ടില്ല.
കോൺഗ്രസ് കോട്ടയിലുള്ള ഈ വിള്ളൽ നന്നായി ഉപയോഗപ്പെടുത്താനാണ് സിപിഎം നീക്കം. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നേതാക്കൾ സ്ഥാനങ്ങൾ രാജിവെക്കണം എന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീർക്കുമെന്ന് പാർട്ടി ജില്ല സെക്രട്ടറി റഫീഖ് പറഞ്ഞു. വിഷയം ആളിക്കത്തിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വയനാട്ടിലേക്ക് എത്തും.