തിരുവനന്തപുരം :ജില്ല കലക്‌ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാന്‍ ജനറൽ ആശുപത്രിയിലെ ഡോക്‌ടറെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കലക്‌ടര്‍ ജെറോമിക് ജോര്‍ജിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കെജിഎംഒഎ (കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുഴിനഖ ചികിത്സയ്‌ക്ക് ഡോക്‌ടറെ വീട്ടിലേക്ക് വരുത്തിയ സംഭവം : കലക്‌ടര്‍ ജെറോമിക് ജോര്‍ജിനെതിരെ അന്വേഷണം - Geromic George Nail Infection - GEROMIC GEORGE NAIL INFECTION
തിരുവനന്തപുരം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജിനെതിരെ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം. കുഴിനഖം ചികിത്സിക്കാന്‍ ഡോക്‌ടറെ വീട്ടിലേക്ക് വിളിപ്പിച്ചതിലാണ് നടപടി. അന്വേഷണം കെജിഎംഒഎയുടെ പരാതിക്ക് പിന്നാലെ.
Published : May 10, 2024, 10:44 AM IST
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (മെയ് 4) കാലിലെ കുഴിനഖം ചികിത്സിക്കാനായി കലക്‌ടര്‍, ഡോക്‌ടറെ കവടിയാറിലെ ഔദ്യോഗിക വസതിയിലേക്ക് വിളിപ്പിച്ചത്. കാലിലെ പഴുപ്പ് നീക്കം ചെയ്യണമെന്നും ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടറെയും സംഘത്തെയും വിളിച്ചുവരുത്തിയത്. ഒപിയില്‍ തിരക്കുള്ള സമയത്താണ് ഡോക്‌ടറും സംഘവും കവടിയാറിലെത്തിയത്.
എന്നാല്‍ വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞാണ് കലക്‌ടര്‍ അവിടെയെത്തുന്നത്. ഒരു മണിക്കൂര്‍ നേരം കലക്‌ടര്‍ക്കായി കാത്തിരിക്കേണ്ടി വന്നതായും പരാതിയുണ്ട്. കലക്‌ടര്‍ സ്ഥലത്തെത്തിയതോടെ കാലിലെ പഴുപ്പ് നീക്കം ചെയ്‌ത സംഘം ഉടന്‍ തിരികെ മടങ്ങുകയും ചെയ്‌തു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെജിഎംഒഎ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കലക്‌ടറുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.