തിരുവനന്തപുരം: വണ്ടിപ്പെരിയാർ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌ത് സർക്കാർ (Vandiperiyar Rape-Cum-Murder Case: Investigating Officer Suspended). കേസിൽ സർക്കാരിൻ്റെയും പോസിക്യൂഷൻ്റെയും വീഴ്‌ച സംബന്ധിച്ച് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചതിനു തൊട്ടു പിന്നാലെയാണ് സർക്കാരിൻ്റെ നടപടി.
കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ വീഴ്‌ച വരുത്തിയിട്ടുണ്ടെന്ന് വിചാരണ കോടതിയുടെ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് എം ആർ അജിത്കുമാർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. നിലവിൽ എറണാകുളും ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. എറണാകുളം റൂറൽ അഡീഷണൽ എസ്‌പിയ്ക്കാണ് അന്വേഷണ ചുമതല.
കേസിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെകിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുളിൽ തന്നെ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പമാണ് സർക്കാർ.
പ്രതിയുടെ അച്ഛൻ്റെ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്നും അടിയന്തരപ്രമേയ നോട്ടിസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല പരിശോധന നടക്കുകയാണ്. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിൽ മേൽക്കോടതിയിൽ അപ്പീൽ നൽകും. കേസിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന വിചാരണ കോടതിയുടെ നിരീക്ഷണങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
കേസ് അന്വേഷണത്തിൽ ഒരു തരത്തിലുമുള്ള ക്രമക്കേടുകളോ വീഴ്‌ചകളോ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയിൽ അതൃപ്‌തരായ പ്രതിപക്ഷ എം എൽ എമാർ സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു.