പാലക്കാട്: കഴിഞ്ഞ തവണ കേരളത്തിലെ 20 ലോക്‌സഭ സീറ്റുകളില്‍ 19 ഇടത്തും വിജയിച്ച യുഡിഎഫുമായി ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട് ഏറ്റുമുട്ടുകയാണെന്ന് പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും, സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍ ഇടിവി ഭാരതിനോട്. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് സിപിഎമ്മിന് തികഞ്ഞ ആത്മ വിശ്വാസമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ എംപിമാരെ ഇത്തവണ സിപിഎമ്മിന് ലോക്‌സഭയില്‍ ലഭിക്കും. ബിജെപിയെ എതിര്‍ക്കുന്നതില്‍ പല സംസ്ഥാനങ്ങളിലും മുന്നിലുള്ളത് പ്രാദേശിക പാര്‍ട്ടികളാണ്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ സിപിഎം ചേരുമോ എന്നത് തെരഞ്ഞെടുപ്പിനു ശേഷമം തീരുമാനിക്കും. കേരളത്തിലെ യുഡിഎഫിന് മൃദു മോദി സമീപനമെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിജയരാഘവന്‍ ആരോപിച്ചു.
അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം:
- ഒരിടവേളയ്ക്കു ശേഷം കടന്നു വരുമ്പോൾ പാലക്കാട്ടെ താങ്കളുടെ ജയ സാദ്ധ്യതകള്‍ എത്രത്തോളമാണ്?
മുന്‍പ് മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും അനുകൂല രാഷ്ട്രീയ ഘടകങ്ങളാണ് പാലക്കാട്ട് ഇപ്പോഴുള്ളത്. പാലക്കാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ അന്നുള്ളതിനേക്കാള്‍ സ്വാധീനം ഇപ്പോള്‍ ഇടതു പക്ഷത്തിന് വര്‍ധിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങളിലുള്ള മാറ്റവും അതിനു സഹായകമായ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. സാമൂഹിക മേഖലകളില്‍ നിന്നുള്ള ഭരണകൂട പിന്‍മാറ്റം, അഥവാ എല്ലാം വിലയ്ക്കു വാങ്ങേണ്ടി വരുന്ന പുതിയ കാലമുണ്ട്. താഴെത്തട്ടിലും ഇടത്തരക്കാര്‍ക്കും അത് അപ്രാപ്യമാകുന്ന പുതിയ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും സമീപനങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനം അവരെ വല്ലാതെ അലട്ടുന്നുണ്ട് എന്നത് അവരെ കണ്ടു സംസാരിക്കുമ്പോള്‍ മനസിലാകുന്നുണ്ട്.
- സിപിഎമ്മിന്‍റെ ചിഹ്നം നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നാണ് എകെ ബാലന്‍ പറയുന്നത്. ഇത് ചിഹ്നം നിലനിര്‍ത്താനുള്ള പോരാട്ടമാണോ?
(ചിരിക്കുന്നു) ഇതൊക്കെ ആനുഷംഗിക പരാമര്‍ശങ്ങള്‍ മാത്രമാണ്. അടിസ്ഥാന രാഷ്ട്രീയ വിഷയങ്ങളിലൂന്നിയാണ് സിപിഎം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതില്‍ സാമ്പത്തിക വിഷയങ്ങളും സാമൂഹിക വിഷയങ്ങളുണ്ട്. കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയുടെ വിഷയങ്ങളുമുണ്ട്. സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ ഒരാശങ്കയുമില്ല. സിപിഎമ്മിന്‍റെ അംഗബലത്തില്‍ ഇത്തവണ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നല്ല വര്‍ധനയുണ്ടാകാന്‍ പോകുകയാണ്. അക്കാര്യത്തില്‍ ഒരാത്മവിശ്വാസക്കുറവും സിപിഎമ്മിനെ സംന്ധിച്ചില്ല.
- തെരഞ്ഞെടുപ്പില്‍ പൗരത്വ പ്രശ്‌നം മുഖ്യ വിഷയമാക്കി സിപിഎം മാറ്റുന്നത് ന്യൂനപക്ഷ പ്രീണനത്തിനും വര്‍ഗീയ ധ്രുവീകരണത്തിനുമാണെന്ന ആരോപണത്തെ എങ്ങനെ കാണുന്നു?
ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് ജനങ്ങളുടെ ജീവിത വിഷയങ്ങള്‍ക്കാണ്. എന്നാല്‍ പൗരത്വ പ്രശ്‌നം ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു സമീപനം എന്ന നിലയ്ക്ക് അതിന്‍റെ തീവ്രത വര്‍ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് പൗരത്വ പ്രശ്‌നം സംന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. അതിന് തൊട്ടു മുന്‍പാണ് ബാബറി മസ്‌ജിദ് പൊളിച്ച് അമ്പലം പണിതതിന്‍റെ ഉദ്ഘാടനം ഇന്ത്യന്‍ പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നത്. ഇത് നമ്മുടെ സാമൂഹിക തലത്തില്‍ ന്യൂനപക്ഷങ്ങളെ വല്ലാതെ അലട്ടുന്നതാണ്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചര്‍ച്ചയാക്കുക തന്നെ ചെയ്യും. ഇതെല്ലാം സാമൂഹിക വിഷയങ്ങളാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിനെ അടര്‍ത്തി മാറ്റി കാണേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ ഫാസിസത്തിലേക്കും അതോറിട്ടേറിയനിലേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നു. അതില്‍ നിന്ന് പൗരത്വ പ്രശ്‌നം മാത്രം അടര്‍ത്തിയെടുക്കുന്നത് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചര്‍ച്ച കൊണ്ടു പോകാനാണ്. അതാണ് അതിന്‍റെ വക്താക്കള്‍ ചെയ്യുന്നത്. ഓരോ വിഷയങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. അക്കാര്യങ്ങള്‍ ഇടതുപക്ഷം ചര്‍ച്ചയ്ക്ക് വിധേയമാക്കും. അതിനനുസരിച്ച് ജനങ്ങള്‍ക്ക് തീരുമാനമെടുക്കാം.
- ബിജെപിയുടെ 5 സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ കാഴ്‌ചപ്പാടിലാണോ കേരളത്തിലെ സിപിഎമ്മും ഇടതുപക്ഷവും?
അങ്ങനെയൊന്നും ജയരാജന്‍ പറഞ്ഞിട്ടുണ്ടാകില്ല (ചിരിക്കുന്നു). മാധ്യമങ്ങള്‍ക്ക് അവരുടെ ജോലി ചെയ്യണം. അവര്‍ക്കെങ്ങനെയെങ്കിലും വാര്‍ത്തയുണ്ടാക്കണ്ടേ. അതിന് അവര്‍ക്ക് വസ്‌തുതകളെ വഴിതിരിക്കണം. ജയരാജന്‍ ഉള്‍പ്പെടെ ഞങ്ങളെല്ലാവരും സിപിഎമ്മിന്‍റെ രാഷ്ട്രീയ കാഴ്‌ചപ്പാടില്‍ നിന്നാണ് സംസാരിക്കുന്നത്. ബിജെപിക്കാര്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ എന്നല്ല, എല്ലാ സ്ഥാനാര്‍ത്ഥികളും തോല്‍പ്പിക്കപ്പെടേണ്ടവരാണ് എന്നതാണ് ഞങ്ങളുടെ സമീപനം. ഒരു സ്ഥാനാര്‍ത്ഥിയെ വ്യക്തി എന്ന നിലയിലല്ല, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. പാര്‍ലമെന്‍റില്‍ വ്യക്തികള്‍ക്കല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പ്രാധാന്യം. ആ നിലയ്ക്ക് വ്യക്തികള്‍ തമ്മിലല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം.
- കേരളത്തില്‍ മത്സരം ആരൊക്കെ തമ്മിലാണ്?
ദേശീയ വിഷയങ്ങളില്‍ എങ്ങനെ പാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. കേരളത്തില്‍ ബിജെപിയും യുഡിഎഫും ഉണ്ടെങ്കിലും ഞങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് യുഡിഎഫിനോടാണ്. അവര്‍ക്കാണ് കേരളത്തില്‍ കൂടുതല്‍ എംപിമാരുള്ളത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. യുഡിഎഫിനുള്ളതാകട്ടെ മൃദു മോദി സമീപനം. അവര്‍ മോദിയെക്കാള്‍ വിമര്‍ശിക്കുന്നത് പിണറായി വിജയനെയാണ്. യുഡിഎഫിന്‍റെ ഈ നിലപാടിനെയും ഞങ്ങള്‍ വിമര്‍ശിക്കും, ബിജെപിയുടെ നിലപാടിനെയും വിമര്‍ശിക്കും. ഇവിടുത്തെ യുഡിഎഫ് എപ്പോഴും എല്‍ഡിഎഫിനെ മുഖ്യ ശത്രുവായി കണ്ടുകൊണ്ട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്. അവരെയും തോല്‍പ്പിക്കണം. ബിജെപി ഇവിടെ വളര്‍ന്ന് അവരുടെ ആശയ വിപുലീകരണത്തിനു ശ്രമിക്കുന്നതിനെയും തോല്‍പ്പിക്കണം. അതില്‍ എ, ബി എന്നില്ല. ആര് എന്ത് പറയുന്നു എന്നുള്ളതാണ്.
- ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണം കൂടി വിലയിരുത്തപ്പെടുമല്ലോ?