എറണാകുളം : സിപിഎം തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലന്ന കാരണം ചൂണ്ടിക്കിട്ടിയാണ് നടപടി.
സിപിഎം ജില്ല സെക്രട്ടറി എം എം വർഗീസിനെ ആദായ നികുതി വകുപ്പ് ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്.
1998 ൽ തുടങ്ങിയ ഈ അക്കൗണ്ടിൽ അഞ്ച് കോടിയിലേറെ രൂപയുള്ളതായാണ് സൂചന. അതേ സമയം ഇതേ അക്കൗണ്ടിൽ നിന്നും ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും ആദായ നികുതി വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം തങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു.
തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഫണ്ട് പിൻവലിക്കുന്നത് സ്വാഭാവിക നടപടിയാണ്. തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഇഡി സിപിഎം ജില്ല സെകട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
എന്നാൽ ഇലക്ഷന്‍റെ തിരക്കുകൾ ചൂണ്ടിക്കാണിച്ച് എം എം വർഗീസ് സാവകാശം തേടിയെങ്കിലും ഇഡി അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇഡി വീണ്ടും നോട്ടിസ് നൽകിയിരുന്നു. അതിന് ശേഷമാണ് വെള്ളിയാഴ്‌ച (മാർച്ച് 5) അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ തിങ്കളാഴ്‌ച (മാർച്ച് 8) വീണ്ടും ഹാജരാകണമെന്ന നിർദേശം നൽകിയാണ് വിട്ടയച്ചത്.
മുൻ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ബിജുവിനെയും വ്യാഴാഴ്‌ച (മാർച്ച് 4) ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹത്തെയും തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യും. തെരെഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെയാണ് കേന്ദ്ര ഏജൻസികളായ ഇഡിയും ആദായ നികുതി വകുപ്പും സിപിഎമ്മിനെതിരെയുള്ള നടപടികൾ ശക്തമാക്കുകയാണ്. ബിജെപി താൽപര്യപ്രകാരം രാഷ്ട്രീയ പ്രേരിതമായി കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുകയാണെന്ന സിപിഎം ആരോപണത്തിന് ബലം നൽകുന്നതാണ് നിലവിലെ നടപടികൾ.
ALSO READ : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: എം എം വർഗീസ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ