കേരളം

kerala

ETV Bharat / state

മൂന്ന് ജില്ലകളില്‍ റെഡ്; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്...അതീവ ജാഗ്രത നിര്‍ദേശം, എറണാകുളത്ത് അടിയന്തിര യോഗം - RAIN ALERT IN KERALA

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

KERALA RAIN WARNING  RAIN PREDICTIONS Kerala  മഴ മുന്നറിയിപ്പ് കേരളം  Weather Updates In Kerala
Representative Image (ANI)

By ETV Bharat Kerala Team

Published : Dec 12, 2024, 2:21 PM IST

Updated : Dec 12, 2024, 2:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം:

എറണാകുളം ജില്ലയിൽ റെഡ് അലെട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ തഹസിൽദാര്‍മാര്‍, സേനാവിഭാഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍൪ തുടങ്ങിയവർ അടിയന്തിര യോഗത്തിൽ പങ്കെടുത്തു. എല്ലാ താലൂക്കുകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ച് കരുതലോടെയിരിക്കാൻ യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടര്‍ കെ മനോജ് നിര്‍ദേശം നൽകി.

മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള ജനവാസ മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഒറ്റ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തും. അഗ്നിരക്ഷാ സേനയോട് സജ്ജമായിരിക്കാനും നിര്‍ദേശം നൽകി. നിലവിൽ ജില്ലയിൽ മഴ ശക്തമായിട്ടില്ല. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് എറണാകുളം ഉൾപ്പടെ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എറണാകുളത്തിനു പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴ:

മാന്നാര്‍ കടലിടുക്കിന് മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദം (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങി ക്രമേണ ശക്തി കുറയാനാണ് സാധ്യത. ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മന്നാര്‍ കടലിടുക്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്‍റെ ഫലമായി വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്:ഇന്ന്(ഡിസംബര്‍ 12) സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ ആയ മഴയ്‌ക്കോ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നാളെയും ഉച്ചയ്ക്കുശേഷം ഒന്നോ രണ്ടോ തവണ മിതമായതോ ശക്തായതോ ആയ മഴയ്‌ക്കോ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കോ സാധ്യതുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍:ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. സ്വകാര്യ - പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.

Also Read :കേരളത്തിൽ മഴ കുറഞ്ഞാൽ ഡിസംബറില്‍ ചൂടും കുറയും; ഐഎംഡി ഡയറക്‌ടര്‍ പറയുന്നതിങ്ങനെ

Last Updated : Dec 12, 2024, 2:49 PM IST

ABOUT THE AUTHOR

...view details