ന്യൂഡല്‍ഹി: ഭരണഘടന അംഗീകരിച്ച ദിനമായ ഇന്ന് ഇന്ത്യ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ രാജ്യത്തിന്‍റെ സൈനിക ശക്തിയുടെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്‍റെയും പ്രത്യേക പ്രദർശനം ഉണ്ടാകും.
ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിന്‍റാണ് സുബിയാന്തോ. 1950ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്‍റായ സുകാർണോ.
രാഷ്‌ട്രപതി ദ്രൗപതി മുർമു ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്‍റെ പൈതൃകത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 16 ടാബ്‌ലോകളും കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള 15 ടാബ്‌ലോകളും പരേഡിൽ പങ്കെടുക്കും.. ബ്രഹ്മോസ്, പിനാക, ആകാശ് എന്നിവയുൾപ്പെടെയുള്ള ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ സൈനികര്‍ പ്രദര്‍ശിപ്പിക്കും.
തദ്ദേശീയമായി നിര്‍മിച്ച അർജുൻ യുദ്ധ ടാങ്ക്, തേജസ് യുദ്ധവിമാനം, അത്യാധുനിക ലൈറ്റ് ഹെലികോപ്‌ടര്‍ എന്നിവയുമായി കരയിലും വെള്ളത്തിലും വായുവിലും സമന്വയിപ്പിച്ച പ്രവർത്തനം പ്രകടമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Also: ഇന്ത്യ എങ്ങനെ റിപബ്ലിക്കായി? ചരിത്രവും വസ്‌തുതകളും..