ഇടുക്കി: ജില്ലയില്‍ ഫാം ടൂറിസത്തിന് പ്രചാരം വര്‍ധിക്കുന്നു. മൂന്നാറിലേക്കുള്‍പ്പെടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ ഫാം ടൂറിസം കൂടുതലായി ഇഷ്‌ടപ്പെട്ട് തുടങ്ങിയതോടെയാണ് ആളുകള്‍ അധികമായി ഫാം ടൂറിസത്തിലേക്ക് തിരിഞ്ഞിട്ടുള്ളത്. ഫാം ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ കൂടുതല്‍ ഫലവത്തായ പദ്ധതികള്‍ ഒരുങ്ങണമെന്നും ആവശ്യമുയരുന്നു.
റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുക മാത്രമായിരുന്നു ഒരു കാലത്ത് ടൂറിസത്തിന്‍റെ പ്രധാന ആകര്‍ഷണീയതയെങ്കില്‍ ഇന്ന് ആ ട്രെന്‍ഡ് തന്നെ മാറിക്കഴിഞ്ഞു. വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതയുള്ള ഇടുക്കിയില്‍ ഫാം ടൂറിസത്തിന് പ്രചാരമേറുകയാണ്. ഹൈറേഞ്ചിന്‍റെ നയന മനോഹര കാഴ്ച്ചകള്‍ക്കൊപ്പം കൃഷി തോട്ടങ്ങളും കൃഷി രീതികളും പച്ചപ്പ് തിങ്ങിയ കൃഷിയിടങ്ങളിലെ താമസവും നാടന്‍ ഭക്ഷണ രീതികളുമൊക്കെയാണ് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചുരുങ്ങിയ ചെലവില്‍ വിനോദ സഞ്ചാരം നടത്തി മടങ്ങാമെന്നതും ഫാം ടൂറിസത്തിന്‍റെ പ്രചാരം വര്‍ധിപ്പിക്കുന്നു.