യാത്രാദുരിതം പേറി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ജനം (ETV Bharat Network) ഇടുക്കി:നാല് മാസങ്ങൾക്ക് മുൻപ് ടെണ്ടർ നടപടികൾ പൂർത്തിയായിട്ടും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണം എങ്ങുമെത്തിയില്ല. ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് പഗ് മിൽ വേണമെന്ന നിബന്ധന സർക്കാർ കർശനമാക്കിയതോടെയാണ് കരാറുകാർ നിർമാണം വൈകിപ്പിക്കുന്നത്. ഇതോടെ ജനങ്ങൾ ദുരിത യാത്ര അഭിമുഖീകരിക്കേണ്ട സ്ഥിതിയിലാണ്.
ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും നിർമാണത്തിനുമായി കാലാകാലങ്ങളായി സിംഗിൾ ഡ്രം പ്ലാന്‍റാണ് ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് കരാറുകാർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇതുവഴി ടാർ അമിതമായി കത്തി നഷ്‌ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിലവാരം കൂടുതലുള്ള പഗ് മിൽ വേണമെന്ന് വകുപ്പ് എഞ്ചിനീയർമാർ ശുപാർശ ചെയ്‌തത്. ടാറും മിശ്രിതവും രണ്ട് ഡ്രമ്മുകളിൽ തയ്യാറാക്കി പഗ് മില്ലിൽ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് രീതി.
എന്നാല്‍ ഇത് വിവാദമായതോടെ പല പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകളുടെ നിർമാണം തടസപ്പെട്ടു കഴിഞ്ഞു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും റോഡ് നവീകരണം ഇക്കാരണത്താൽ എങ്ങുമെത്തിയിട്ടില്ല. ഗ്രാമീണ റോഡുകളായ വെട്ടംപടി, ലബ്ബക്കട - കുഞ്ചുമല റോഡ്, മറ്റപ്പള്ളി കോളനി റോഡ്, മുരിക്കാട്ടുകുടി - പാമ്പാടിക്കുഴി റോഡ് തുടങ്ങിയവയ്‌ക്ക് മെയിന്‍റനൻസ് ഗ്രാൻഡ് അനുവദിച്ചതാണെങ്കിലും ടാറിങ് ആരംഭിച്ചിട്ടില്ല.
പഗ് മിൽ വേണമെന്ന നിബന്ധനയ്‌ക്ക് പുറമേ ട്രഷറി വഴി ബില്ല് മാറിക്കിട്ടാൻ കാലതാമസം നേരിടുന്നതും കരാറുകാരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി നവീകരണങ്ങൾ നടത്താത്തതിനാൽ ഗ്രാമീണ റോഡുകൾ കൂടുതൽ തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങി. കാഞ്ചിയാറിന് പുറമേ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഗ്രാമീണപാത നവീകരണം മുടങ്ങിക്കിടക്കുകയാണ്.
ALSO READ:റോഡില്‍ കുണ്ടും കുഴിയും, പതിറ്റാണ്ടുകളായി യാത്രാക്ലേശം ; പ്രതിഷേധവുമായി നാട്ടുകാര്‍