ആനയെ തുരത്താന്‍ ആര്‍ആര്‍ടി സംഘത്തിന് പടക്കങ്ങള്‍ നല്‍കി കര്‍ഷകന്‍ ഇടുക്കി :ആനയെ തുരത്താൻ വനം വകുപ്പിന് സഹായവുമായി കർഷകൻ. ചിന്നക്കനാല്‍ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സ്പെഷ്യൽ ആർ ആർ ടി യൂണിറ്റിനാണ് ആനയെ തുരത്തുന്നതിനായി പൂപ്പാറ തലക്കുളം സ്വദേശിയായ കർഷകന്‍ സെമ്പകരാജ സഹായം നൽകിയിരിക്കുന്നത്.
കൃഷിയിടത്തിൽ നിന്നും ആനയെ ഓടിക്കാൻ വിവിധ തരത്തിലുള്ള പടക്കങ്ങൾ എത്തിച്ചു നൽകിയിരിക്കുകയാണ് അദ്ദേഹം. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നുമാണ് പടക്കങ്ങൾ എത്തിച്ചുനൽകിയത്. ആനയെ തുരത്താൻ യാതൊരു ഉപകരണങ്ങളും ഇല്ലാതെ പ്രവർത്തനം ആരംഭിച്ച ആർ ആർ ടിക്ക് കർഷകൻ നലകിയ സഹായം ഏറെ ആശ്വാസകരമാണ്.
കഴിഞ്ഞ ദിവസം മുതൽ ചിന്നക്കനാൽ മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സ്പെഷ്യൽ ആർ ആർ ടി യൂണിറ്റിനാണ് സഹായവുമായി കർഷകൻ എത്തിയത്. ശിവകാശിയിൽ നിന്നും 15,000 രൂപയുടെ പടക്കങ്ങളാണ് സെമ്പകരാജ ആർ ആർ ടി യൂണിറ്റിന് എത്തിച്ചുനൽകിയത്. ആനയെ ഓടിക്കാൻ ഉപകരണങ്ങള്‍ ഇല്ലാതെ പ്രവർത്തിക്കുന്ന ആർ ആർ ടിയിലെ അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനൊപ്പം കർഷകരുടെ കൃഷിയിടങ്ങൾ കൂടി സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വനം വകുപ്പിന് സഹായവുമായി എത്തിയതെന്ന് സെമ്പകരാജ പറഞ്ഞു.
പടക്കങ്ങൾ ചിന്നക്കനാലിലെ സ്പെഷ്യൽ ആർ ആർ ടി യൂണിറ്റ് ഓഫിസിൽ എത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന വാച്ചർമാർക്കും ഉദ്യോഗസ്ഥർക്കും താത്കാലിക ആശ്വാസമാണ് കർഷകരുടെ ഇത്തരത്തിലുള്ള സഹായങ്ങൾ.
Also Read : മാങ്കുളത്ത് ജനവാസ മേഖലയില്‍ കാട്ടാന സാന്നിധ്യം: പ്രദേശവാസികൾ ആശങ്കയിൽ - WILD ELEPHANT AT MANKULAM