തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
വോട്ടര്‍മാരുടെ ശ്രദ്ധയ്‌ക്ക് :കേരളത്തിലെ വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവരെ സമീപിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസർമാർ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. അന്തിമ വോട്ടര്‍പട്ടിക സംമ്പന്ധിച്ച് പരാതിയുണ്ടെങ്കിൽ തദ്ദേശ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്‌ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
സംസ്ഥാനത്ത് മൊത്തം 2,66,72,979 വോട്ടർമാരുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാന്‍ വ്യക്തമാക്കി. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച എറ്റവും പുതിയ വോട്ടര്‍പട്ടികയിൽ 1,26,29,715 പുരുഷൻമാരും, 1,40,43,026 സ്ത്രീകളും, 238 ട്രാൻസ്ജെൻഡറുകളുമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.