എറണാകുളം:ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ആരാധനയ്ക്കുള്ള ഇടമാണ് ശബരിമലയെന്നും, അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ പ്രീ പെയ്‌ഡ് ഡോളി സർവീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിയ സമരത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിയ ഹൈക്കോടതി, സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെയാണ് ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഡോളി ജീവനക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. പലരും ദിവസങ്ങളോ ആഴ്‌ചകളോ എടുത്താണ് ശബരിമലയിൽ വരുന്നത്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു.