തിരുവനന്തപുരം :സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉഷ്ണ തരംഗ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെയ് 6 വരെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ഉന്നത തല യോഗം നിര്‍ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ കലക്ടര്‍മാര്‍ ജില്ലകളിലെ സാഹചര്യം വിശദീകരിച്ചു.
നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി :പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യ തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ 3 മണി വരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
ആസ്ബെസ്റ്റോസ്, ടിന് ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടെന്ന് തന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങളും പരിപാടികളും പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും നടത്തരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റ് വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.