തിരുവനന്തപുരം: നെയ്യാറ്റിന്‍കര വഴുതൂരിലെ ശ്രീ കാരുണ്യ ഭിന്നശേഷി കെയര്‍ ഫോമില്‍ കോളറ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നിര്‍ദ്ദേശം നൽകിയെന്ന് ആരോഗ്യ മന്ത്രി വിണ ജോര്‍ജ്ജിന്‍റെ ഓഫീസ് അറിയിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്. കൂടുതൽ രോഗികളെത്താൻ സാധ്യതയുള്ളതിനാൽ ഐരാണിമുട്ടം കുടുംബരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് സജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനു (26) മരിച്ചിരുന്നു. എന്നാൽ മരണപ്പെടുന്നതിന് മുൻപ് പരിശോധനയ്ക്കായി ഇയാളുടെ സ്രവം പരിശോധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ഹോസ്‌റ്റലിലെ 6 പേര്‍ക്ക് കോളറ ലക്ഷണങ്ങള്‍ കാണുകയും നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.