കേരളം

kerala

ETV Bharat / state

'കുട്ടികളുടെ മുന്നിൽവെച്ചുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയിൽ': ഹൈക്കോടതി - HC ON HAVING SEX INFRONT OF KIDS

കുട്ടികളുടെ മുന്നിൽ നഗ്നശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോയുടെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

COURT NEWS  POCSO  പോക്സോ വകുപ്പ്  LATEST MALAYALAM NEWS
High Court Of Kerala (ETV Bharat)

By ETV Bharat Kerala Team

Published : Oct 17, 2024, 10:04 PM IST

എറണാകുളം:കുട്ടികളുടെ മുന്നിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം കൃത്യങ്ങൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോഡ്‌ജിൽ വെച്ച് വാതിലടയ്ക്കാതെ കുട്ടിയുടെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ട പ്രതിയുടെ ഹർജിയിലാണ് ഉത്തരവ്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലോഡ്‌ജിൽ വെച്ച് വാതിലടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. വാതിൽ തുറന്ന് അകത്തേക്ക് വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്‌തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചുവെന്നാണ് കേസ്.

പോക്സോ, ഇന്ത്യൻ ശിക്ഷാനിയമം, ബാലനീതി നിയമം തുടങ്ങിയവയിലെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്നും നിലനിൽക്കുന്നതല്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ കുട്ടിക്ക് മുന്നിൽ ഒരാൾ തൻ്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു.

വാതിലടയ്ക്കാതെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തതിനാൽ കുട്ടി അകത്തേക്ക് വരികയും, നടന്ന കാര്യങ്ങൾ കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കും. കുട്ടി ക്കെതിരായ ലൈംഗികാതിക്രമമായും ഇതിനെ കണക്കാക്കാം. കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്നും, ഇത് കുട്ടിയുടെ മാതാവ് തടഞ്ഞില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസിൽ നിലനിൽക്കുമെന്നും, ഇതിൽ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. അതേസമയം ബാലനീതി നിയമ പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബാലനീതി നിയമ പ്രകാരമുള്ള വകുപ്പുകൾ കുട്ടിയുടെ അമ്മയുടെ മേൽ നിലനിൽക്കുകയും ചെയ്യും.

Also Read:യുവതിയെ ശല്യം ചെയ്‌തു; യുവാവിന് ഒന്നര വർഷം തടവും പിഴയും വിധിച്ച് കോടതി

ABOUT THE AUTHOR

...view details