എറണാകുളം:സെക്രട്ടേറിയേറ്റിനു മുന്നിൽ ഇടത് സർവ്വീസ് സംഘടന കൂറ്റൻ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സെക്രട്ടേറിയേറ്റിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിനറിയില്ലേയെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഹൈക്കോടതി ഇടപെടലിനു പിന്നാലെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഇടത് സർവ്വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടപ്പാത കൈയ്യേറി കൂറ്റൻ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘം രൂപീകരിച്ച്, അന്വേഷണ റിപ്പോർട്ട് ഒരാഴ്‌ച്ചയ്ക്കകം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. ഉത്തരവാദികളായവരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടണമെന്നും ഉത്തരവിൽ കോടതി ആവഷശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർക്കാരിന്‍റെയും കോടതിയുടെയും ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണ്. ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ല. ഇവരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. തലസ്ഥാനനഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു.
സെക്രട്ടേറിയറ്റിൽ എന്തുനടക്കുന്നു എന്ന് സർക്കാരിന് അറിയില്ലേയെന്നും കോടതി ചോദ്യമുയർത്തി. സംഘടനയുടെ പ്രസിഡന്‍റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ബോർഡ് നീക്കം ചെയ്‌തെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല. ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു, എത്ര പിഴയീടാക്കി എന്നതിലടക്കമുള്ള വിശദീകരണം കോർപ്പറേഷനും നൽകണമെന്നാണ് കോടതിയുടെ നിർദേശം.
Also Read:'ഭയമാണെങ്കിൽ തദ്ദേശ സെക്രട്ടറിമാർ രാജിവച്ചു പോകണം'; അനധികൃത ഫ്ലെക്‌സ് ബോർഡുകൾ നീക്കാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം