തിരുവനന്തപുരം: ലോക്കോ പൈലറ്റുമാർ ഡ്യൂട്ടിക്ക് എത്തുമ്പോൾ കരിക്ക്, ഹോമിയോ മരുന്ന്, പഴം എന്നിവ കഴിക്കരുതെന്നും മൗത്ത് വാഷ്, കഫ് സിറപ്പ് എന്നിവ ഉപയോഗിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്.
ജോലിക്ക് കയറുന്നതിനു മുൻപായി ലോക്കോ പൈലറ്റുമാർ സ്ഥിരമായി ബ്രീത്ത് അനലൈസർ പരിശോധന നിർബന്ധമാണ്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഡ്യൂട്ടിക്ക് എത്തുന്നവരിൽ വലിയൊരു വിഭാഗവും ബ്രീത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവായി. എന്നാല്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ രക്തപരിശോധനയില്‍ ജീവനക്കാരുടെ ശരീരത്തിൽ ആൽക്കഹോളിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. സംഭവം സ്ഥിരമായതോടെയാണ് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ വിചിത്രമായ സർക്കുലർ പുറപ്പെടുവിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർക്കുലർ നടപ്പിലാക്കി തുടങ്ങിയതോടെ ഷൊർണൂർ മുതൽ തിരുനെൽവേലി വരെയുള്ള തിരുവനന്തപുരം ഡിവിഷനിലെ മുഴുവൻ ലോക്കോ പൈലറ്റുമാരുടെയും ജോലിസമയം തകിടം മറിഞ്ഞെന്ന് ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റും ആൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധിയുമായ അജിത് കെ.ജി ഇടിവി ഭാരതിനോട് പറഞ്ഞു. ജോലിക്കായി ട്രെയിനിൽ കയറും മുൻപ് ബ്രീത്ത് അനലൈസ് ചെയ്യണം. റെയിൽവേ സ്റ്റേഷനിൽ വച്ച് പരിശോധന പോസിറ്റീവായാൽ ഡ്യൂട്ടിക്ക് കയറാനാവില്ല.
ചട്ടപ്രകാരം മെഡിക്കൽ പരിശോധന നിർബന്ധമാണ്. പക്ഷെ ട്രെയിനിന്‍റെ സമയം തെറ്റാതിരിക്കാൻ ഷിഫ്റ്റ് കഴിഞ്ഞവരെ തന്നെ വീണ്ടും വിളിച്ചു വരുത്തും. പലരും 10 മണിക്കൂറോളമുള്ള ജോലിക്ക് ശേഷമാണ് മടങ്ങുന്നത്. ഇവരെ തന്നെ വീണ്ടും വിളിച്ചു വരുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിചിത്രമായ സർക്കുലർ പുറത്തിറക്കിയതെന്നും അജിത് വ്യക്തമാക്കി.
ജോലിക്ക് കയറും മുൻപും ശേഷവും ശ്വസന പരിശോധനയുണ്ട്. ശ്വസന പരിശോധനാ യന്ത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊന്നും ഡ്യൂട്ടിക്ക് കയറുന്നതിന് മുൻപും ശേഷവും ഉപയോഗിക്കരുത് എന്നാണ് ഫെബ്രുവരി 18 ന് പുറത്തിറക്കിയ സർക്കുലർ വ്യക്തമാകുന്നത്. ഫെബ്രുവരി 20ന് ആണ് സർക്കുലർ പിൻവലിച്ചത്.
അതേസമയം എക്‌സ്പ്രസ് പാസഞ്ചർ ട്രെയിനുകളിലെ ജോലി സമയം 6 മണിക്കൂറായും ഗുഡ്‌സ് ട്രെയിനുകളിലെ ജോലി സമയം 8 മണിക്കൂറായും ചുരുക്കണമെന്നും ചൂണ്ടിക്കാട്ടി ആൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
ആഴ്‌ചയിൽ 16 മണിക്കൂർ വിശ്രമ സമയം അനുവദിക്കണമെന്നും തുടർച്ചയായ നൈറ്റ് ഡ്യൂട്ടികൾ ആഴ്‌ചയിൽ രണ്ടെണ്ണമായി ചുരുക്കണമെന്നും അസോസിയേഷൻ ആരോപിച്ചു. സംഭവത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസ്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികൾ ഫെബ്രുവരി 19നും 20നും 36 മണിക്കൂർ നീണ്ടു നിന്ന നിരാഹാര സമരവും നടത്തിയിരുന്നു.