കോഴിക്കോട്: ഇന്നാണ് ആ ചടങ്ങ്... എവിടെയും കേട്ടുകേൾവിയില്ലാത്ത മുടികരിക്കലിനായി വാഴയിൽ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. തിരുമുടികളാണ് തെയ്യത്തിൻ്റെ അലങ്കാരം. കുഞ്ഞു മുടി മുതൽ ആകാശം മുട്ടുന്നത് വരെ എന്നാണ് ഇതിൻ്റെ വിശേഷണം. വലിയ മുടികെട്ടിയാടുക എന്നത് കോലാധാരിമാരെ സംബന്ധിച്ച് സാഹസവുമാണ്. എന്നാൽ കെട്ടിയാടുന്ന മുടിക്ക് തീയിട്ടാലോ..! അങ്ങനെ ഒരു ചടങ്ങ് നടക്കുന്ന ക്ഷേത്രമുണ്ട്, കൊയിലാണ്ടി മുചുകുന്നിലെ വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്രം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ വർഷവും കുംഭം പത്തിനാണ് വാഴയിൽ ഉത്സവം. സന്ധ്യയോടെയാണ് ഭഗവതി എഴുന്നള്ളുക. തിറയ്ക്ക് ധരിക്കാനുള്ള മുടിയുടെ നിർമാണം രാവിലെ തുടങ്ങും. 45 അടി നീളമുള്ള മുടി എട്ട് പേർ ചേർന്നാണ് ഒരുക്കുന്നത്. മുളങ്കമ്പ് കൊണ്ട് ഘടന ഉണ്ടാക്കും. അറയിൽ കവുങ്ങിൻ പാള തീയിൽ വാട്ടിയെടുത്ത് തുന്നിചേർക്കും. പാളയിലാണ് ചാത്തൻ്റെയും ആനയുടെയുമെല്ലാം രൂപങ്ങൾ വരയ്‌ക്കുക. കുരുത്തോല മെടഞ്ഞിട്ടാണ് മുടി തീർക്കുന്നത്. അതിന് മുകളിൽ ഒരു കോഴിയെയും വെയ്ക്കും. കാവിൽ നിന്ന് എഴുന്നള്ളുന്ന ഭഗവതി കുളങ്ങരയിലേക്കാണ് പോകുക. അവിടെ നിന്ന് പുണ്യാഹം വാങ്ങി നടയിലെത്തും. പിന്നെ നിറഞ്ഞാടും.

ഭഗവതി സങ്കൽപ്പം മെയ്യിലേന്തി ഉറയുമ്പോൾ മുന്നിലുള്ള അഗ്നികുണ്ഡത്തിലേക്ക് മുടി താഴ്ത്തും. കരിച്ച് തീർക്കും. കോഴിയെ ആ സമയത്ത് എടുത്ത് മാറ്റും. ഇന്നും വലിയ ജനക്കൂട്ടമാണ് ചടങ്ങ് കാണാൻ എത്തുന്നതെന്ന് മുടി ഒരുക്കുന്ന സംഘത്തിലെ ഗുരുക്കൾ സുധി പറഞ്ഞു. വ്രതാനുഷ്‌ടാനത്തോടെ തലമുറകളായി നടന്നുവരുന്നതാണ് അഗ്‌നിയില്‍ മുടി കരിച്ചുള്ള ഈ സമര്‍പ്പണം.

പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് വാഴയിൽ ക്ഷേത്രം. പടിഞ്ഞാറ് അസ്‌തമയ സൂര്യൻ്റെ സ്ഥാനമാണെങ്കിലും ‘ഇരുട്ടിനെ പോലും വെളിച്ചമാക്കുന്ന’ ചൈതന്യ പ്രഭാവലയമായി അമ്മ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.

ചരിത്രം
നീലിമല കുന്നിന്‍ ചെരുവില്‍ പനങ്ങാട്ടില്ലത്ത് ഏഴ് ദേവകന്യകള്‍ വന്നെത്തുന്നു. അവര്‍ നടത്തുന്ന തുടര്‍ യാത്രയില്‍ അവരിലെ മുതിര്‍ന്നയാൾ മുകാംബികയിലും മറ്റൊരാള്‍ ലോകനാര്‍ കാവിലും ഇരിക്കുന്നു. പിന്നീട് യാത്ര തുടരുന്ന അഞ്ച് പേരും മണിയൂര്‍ കരുവഞ്ചേരി മലയും കടന്ന് കിഴൂരാണ് എത്തുന്നത്. മുന്നോട്ട് വഴി പറഞ്ഞ് നല്‍കിയ കിഴൂര്‍ ഭഗവാൻ്റെ സഹായത്തോടെ പാറോല്‍ പാറയും കടന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നു. ഇവരിലൊരാള്‍ കൊങ്ങന്നൂരില്‍ ഇരിക്കുന്നു. വീണ്ടും കാടും മേടും കടന്ന് യാത്രചെയ്‌ത് പൊറ്റക്കാട് പറമ്പ് കയറി കുരുന്നം വീട് വഴി കോഴിക്കാമ്പത്ത് കയറി വാഴയില്‍ കണ്ടിയില്‍ മൂന്ന് ദേവകന്യമാരും അൽപനേരം വിശ്രമിക്കുന്നു. വിശ്രമസ്ഥലമായി ഇരുന്നത് ഇന്നും നിലനില്‍ക്കുന്ന കാഞ്ഞിരചുവട്ടിലെ കുളപ്പടവിലാണ്.

ഒരു ദേവകന്യക കുളത്തിലെ കുടിനീര് കൈയിലെടുത്ത് ചുറ്റുമൊന്ന് നോക്കിയപ്പോള്‍ അകലെയായി പടിഞ്ഞാറ് നോക്കി ഒരാള്‍ കീറി പറിഞ്ഞ പുതപ്പ് മൂടി ഇരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. അങ്ങനെ ദൈവ സഞ്ചാര പാതയില്‍ അകപ്പെട്ടുപോയ ആ ചണ്ഡാളൻ്റെ സാന്നിധ്യവും കുളത്തിലെ ജലം ഉപയോഗിച്ചുവെന്ന കാരണത്താലും ആ ദേവകന്യകയ്‌ക്ക് അയിത്തം കൽപ്പിക്കപ്പെടുന്നു. ഒപ്പമുള്ള ദേവകന്യകമാര്‍ നടന്ന സംഭവം ചെന്നരുളിയത് ശ്രീ കോട്ടയില്‍ ഭഗവാനോടാണ്. ഭഗവാന്‍ ഇങ്ങനെ പറഞ്ഞത്രേ ''നീ അവിടെ ഇരുന്നോളൂ കുംഭം 1 ഉച്ചാല്‍ തുടങ്ങിയാല്‍ ഞാന്‍ വാഴയില്‍ എത്തും, എൻ്റെ മേല്‍നോട്ടത്തില്‍ കുംഭം 9,10 ദിവസങ്ങളില്‍ ഉത്സവം നടക്കും''.

അമ്മയുടെ ഉത്സവം കണ്ട് മടങ്ങിയ ശേഷമാണ് ശ്രീ കോട്ടയില്‍ ക്ഷേത്രോത്സവം നടക്കുന്നത്. ഭഗവാൻ്റെ ആറാട്ട് ദിവസം വാഴയില്‍ ശ്രീ ഭഗവതി അമ്മ ആചാരപരമായ ചിട്ടകളോടെ മുടക്കമില്ലാതെ എഴുന്നെള്ളാറുമുണ്ട്. വാഴയില്‍ നിന്നും യാത്ര തുടര്‍ന്ന ദേവകന്യകമാരില്‍ ഒരാള്‍ ശക്തന്‍ കുളങ്ങരയിലും ഒരാള്‍ ഓടക്കാളിയിലും ചെന്നെത്തുന്നു. ഇക്കൂട്ടരില്‍ അവസാന ദേവകന്യകയാണത്രേ ശ്രീ പിഷാരികാവിലമ്മയുമാണെന്ന് ക്ഷേത്ര ഐതിഹ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശരത് പ്രസാദ് എഴുതിയിരിക്കുന്നത്.
Also Read: ദേവിക്ക് പതിനായിരത്തിലേറെ മൺ കലങ്ങൾ സമർപ്പിക്കുന്ന നാട്; കലംകനിപ്പ് മഹാനിവേദ്യത്തിന്‍റെ ചരിത്രമിങ്ങനെ