കോഴിക്കോട്: പാമ്പ് കടിയേറ്റവർക്ക് നൽകുന്ന ആന്‍റിവെനം കേരളത്തിൽ വികസിപ്പിക്കാൻ ആലോചന. പ്രാദേശികമായി പാമ്പുകളെ കണ്ടെത്തി വിഷമെടുത്ത് പ്രതിവിഷം ഉത്‌പാദിപ്പിക്കാനാണ് പദ്ധതി. നിലവിൽ തമിഴ്‌നാട്ടിലെ ഇരുള ട്രൈബൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് കേരളത്തിലക്ക് ആന്‍റിവെനം എത്തുന്നത്. ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതിയിൽ 25 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു.
ഇതോടെയാണ് പാമ്പു വിഷമേൽക്കുന്നവർക്ക് വളരെ ആശ്വാസമാകുന്ന പ്രതിവിഷ നിർമ്മാണത്തിലേക്ക് വനം വകുപ്പ് ആലോചന നടത്തിയത്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ് രാജ്യത്തെ ഏറ്റവും വിഷം കൂടിയ പാമ്പുകൾ. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്‍റിവെനം ആണ് നമ്മുടെ നാട്ടിലുള്ളതെന്ന് സർപ്പ അപ്ലിക്കേഷൻസ് നോഡൽ ഓഫിസർ മുഹമ്മദ് അൻവർ (Assistant Conservator of Forest) പറഞ്ഞു.



നിലവിൽ ഇത് തമിഴ്‌നാട്ടിൽ നിന്നാണ് വരുന്നത്. ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ പലതരത്തിലുള്ള പാമ്പുകളുണ്ട്. ഇതിൽ വിഷം കുറഞ്ഞതും കടിച്ചാൽ മരണം സംഭവിക്കാത്തവയും ഉണ്ട്. എന്നാൽ ഇതിന്‍റെയൊന്നും ആന്‍റിവെനം എവിടെയുമില്ല. പ്രാദേശികമായി പാമ്പുകളെ കണ്ടെത്തി പ്രതിവിഷം ശേഖരിച്ചാൽ ഒരു പരിധി വരെ അത് ഗുണം ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷമില്ലാത്ത പാമ്പിന്‍റെ കടിയേറ്റവർക്കും നിലവിലുള്ള ആന്‍റിവെനം കൊടുക്കേണ്ട അവസ്ഥയാണ്. ഇത് മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് മറികടക്കാൻ പുതിയ പദ്ധതി നടപ്പിലായാൽ വലിയ പരിധിവരെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കടൽ പാമ്പുകളും വിഷമുള്ളതാണ്. അവ കടിച്ചും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയ്ക്കും ആന്‍റിവെനം ലഭ്യമല്ല.
നിർമ്മാണ രീതി..
പൂർണ വളർച്ചയെത്തിയ പാമ്പുകളിൽ നിന്നാണ് വിഷം ശേഖരിക്കുന്നത്. ഇത് പ്രത്യേകം കുപ്പികളിലാക്കി അതിന് മുകളിൽ പാമ്പിന്‍റെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നിവ രേഖപ്പെടുത്തും. പിന്നീട് ഏകദേശം 20ഡിഗ്രീ സെൽഷ്യസിൽ വച്ച് അതിന്‍റെ താപനില കുറയ്ക്കും. പാമ്പിൻ വിഷം ചെറിയ അളവിൽ കുറെകാലം തുടർച്ചയായി കുതിരയിൽ കുത്തിവയ്ക്കും.
ദിവസം ചെല്ലുംന്തോറും വിഷത്തിന്‍റെ അളവ് ക്രമമായി വർധിച്ചു കൊണ്ടിരിക്കും. ഇങ്ങനെ കുത്തിവയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി നിർമ്മിക്കപ്പെടുന്നു. അവസാനം ഒരു ബൂസ്റ്റ്ർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽ നിന്നും പ്രതിവിഷം അടങ്ങിയ സിറം വേർതിരിക്കുന്നു.

ഈ സിറമാണ് ആന്‍റിവെനം എന്ന് അറിയപ്പെടുന്നത്. മോണോവാലൻ്റ് (ഒരു സ്‌പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിന് എതിരെ മാത്രം ഉപയോഗിക്കാവുന്നവ) പോളിവാലൻ്റ് (പല സ്‌പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നീ രണ്ട് തരംതിരത്തിൽ ആൻ്റിവെനത്തെ വേർതിരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്രം..
1904ൽ ആണ് ആദ്യമായി ആന്‍റിവെനം നിർമ്മിക്കപ്പെട്ടത്. ആൽബർട്ട് കാൽമറ്റി എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി ഇത് കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്‌തു.

ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫിസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തന്‍റെ പ്രൊഫസർ ആയ ലൂയി പാസ്റ്ററേയും എമിലി റൌക്‌സിനെയും സന്ദർശിച്ചു പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്ൽ റിസർച്ചിനായി ചേർന്നു. അന്നേവരെ അധികമാളുകൾ എക്സ്പ്ലോർ ചെയ്യാത്ത മേഖലയായ വിഷശാസ്ത്രത്തിൽ ആൽബർട്ട് തന്‍റെ പരീക്ഷണങ്ങൾ തുടങ്ങി.
ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയിൽ പഠനം നടത്തുകയും ചെയ്‌തു. അങ്ങനെ 1894ൽ അദ്ദേഹം പാമ്പ് വിഷത്തിനു പ്രതിരോധം തീർക്കുന്ന സിറം കണ്ടെത്തി. അത് കാൽമെട്ടി സിറം എന്നറിയപ്പെട്ടു. പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ റിസർച്ച് നടത്തുകയും വളരെയധികം ആന്‍റിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്‌തു. അങ്ങിനെയാണ് ''കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുക'' എന്ന പ്രയോഗം നാട്ടിൻ പ്രദേശങ്ങളിൽ പോലും പ്രചാരമായത്.