ഇടുക്കി: ജില്ലയിലെ പട്ടയ വിതരണത്തിൽ അടിയന്തരമായി സ്പെഷ്യൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പട്ടയ വിതരണത്തിനായും വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതുമായ കാര്യങ്ങൾ പരിശോധിക്കാനുമാണ് സർക്കാർ അടിയന്തരമായി സ്പെഷ്യൽ ഓഫിസറെ നിയമിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ല കലക്‌ടര്‍ക്ക് തുല്യമോ അതിന് മുകളിലോ റാങ്കുള്ള ഉദ്യോഗസ്ഥനാകണം സ്പെഷ്യൽ ഓഫിസറെന്നും കോടതി പറഞ്ഞു.
സ്പെഷ്യൽ ഓഫിസർക്ക് റവന്യൂ വകുപ്പും പൊലീസും ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിന് നിർദേശം നൽകി. പട്ടയങ്ങളുടെ ആധികാരികത അടക്കമാണ് സ്പെഷ്യൽ ഓഫിസർ പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.
വ്യാജ പട്ടയങ്ങൾ നിർമിച്ച രീതികളൊക്കെ സമാനമെന്ന് ചൂണ്ടിക്കാട്ടിയ കോടതി റവന്യൂ ഉദ്യോഗസ്ഥരടക്കം പിന്നിലുണ്ടെന്നും വിലയിരുത്തി. മനോഹരമായ വിനോദ സഞ്ചാര മേഖലയായ മൂന്നാറിനെ അനധികൃത നിർമാണങ്ങൾ നടത്തി നശിപ്പിക്കുകയാണെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. ദേവികുളം പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിട നിർമാണം നിർത്തിവയ്ക്കാന്‍ ഉത്തരവിട്ട കോടതി പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണവും തേടി.
മൂന്നാറിലും മറ്റ് 15 പഞ്ചായത്തിലും നിർമാണങ്ങൾ നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത നിർമാണം തടയുന്നതിന് വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് ചോദ്യമുന്നയിച്ച കോടതി ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാത്തതില്‍ അടക്കം സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അതേസമയം മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്‌ച (ജൂണ്‍ 25) പരിഗണിക്കാനായി മാറ്റി.
Also Read:മൂന്നാറിലെ വ്യാജ പട്ടയം; 19 റവന്യൂ ഉദ്യോഗസ്ഥർ കുറ്റക്കാർ, സിബിഐ അന്വേഷണത്തിന് ഉത്തരവിടാനൊരുങ്ങി ഹൈക്കോടതി