കോഴിക്കോട് :മുസ്‌ലിം ലീഗിനെ ചോദ്യമുനയിൽ നിർത്തിയ 'ഹരിത' വിവാദത്തിൽ, ഒടുവിൽ 'ഗ്രീൻ ചാനൽ' തുറന്ന് യൂത്ത് ലീഗ്. വിവാദത്തിന്‍റെ പേരിൽ സംഘടനാനടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ പുതിയ ഭാരവാഹിത്വം നൽകി. നേതൃത്വത്തിനെതിരെ മുന്നിൽ നിന്ന് പട നയിച്ച ഫാത്തിമ തെഹ്ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും, മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്‍റായും, നജ്‌മ തബ്ഷിറയെ ദേശീയ സെക്രട്ടറിയുമായി നിയമിച്ചു.
ഹരിത നേതാക്കൾക്ക് പിന്തുണ നൽകിയതിന്‍റെ പരിൽ നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്കും പുതിയ, യൂത്ത് ലീഗ് ഭാരവാഹിത്വം നൽകിയിട്ടുണ്ട്. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റായുമാണ് നിയമിച്ചത്. എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയർത്തിയ എതിർപ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‍ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്.
എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡണ്ട് പി കെ നവാസും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി അബ്‌ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപമാണ് വിവാദങ്ങൾക്ക് തുടക്കം. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാതലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍. ഇവരെ ലീഗ് നേതൃത്വവും പിന്തുണച്ചതോടെ 'ഹരിത വനിത'കളുടെ പോരാട്ടം ശക്തമായി, പിന്നാലെ അവര്‍ പുറത്തുമായി. പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാൻ 'ഹരിത' വനിത കമ്മീഷന് പരാതി നൽകിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ പി.കെ നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നൽകുകയും ചെയ്‌തത്. എന്നാൽ ഹരിത നേതാക്കൾക്കൊപ്പം നടപടി നേരിട്ട എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിലും അവർക്ക് ഭാരവാഹിത്വം നൽകുന്നതിലും എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. എന്തായാലും ലീഗിന് വൈകി വന്ന വിവേകത്തിലും പരിഹാര ക്രിയയിലും നേതൃത്വത്തിനുള്ളിൽ ഒച്ചപ്പാടുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Also Read : തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; 10 മുസ്ലീം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ - Journalists Attacked