ഇടുക്കി : ഇടുക്കി വാഗമൺ വരയാട്ടുമെട്ടിൽ റവന്യൂ ഭൂമിയിലെ സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് സർക്കാർ ബോർഡ് സ്ഥാപിച്ചു. ഏറെ വിനോദ സഞ്ചാര സാധ്യതകളുള്ള പ്രദേശമാണ് സ്വകാര്യവ്യക്തി കയ്യേറിയത്. വാഗമൺ വില്ലേജിൽ സർവേ നമ്പർ 185 ൽ പെട്ട ഭൂമിയിലാണ് കയ്യേറ്റം നടന്നത്.
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശമാണിത്. വളരെ ഉയരം കൂടിയ മലമുകളിലെ വിനോദസഞ്ചാര സാധ്യത മുൻകൂട്ടി കണ്ടായിരുന്നു കയ്യേറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഗമൺ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി കയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു. ഈ സ്ഥലം കയ്യേറി സ്വകാര്യവ്യക്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് പൊളിച്ച് മാറ്റി സർക്കാർ ബോർഡ് സ്ഥാപിച്ചു.
സ്ഥലം കയ്യേറിയ സ്വകാര്യ വ്യക്തിയോട് ഇവിടെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ റവന്യൂ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിച്ചത്. കയ്യേറിയ വ്യക്തിക്കെതിരെ കേരള ഭൂസംരക്ഷണ നിയമം പ്രകാരം നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ടും നൽകി.
ചിന്നക്കനാലിലെ റിസോർട്ട് കയ്യേറിയ ഒരേക്കറിലധികം ഭൂമി ഒഴിപ്പിച്ചു :ചിന്നക്കനാലിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. മിസ്‌റ്റി ഹിൽ റിസോർട്ട് കയ്യേറിയ ഒരേക്കർ ആറ് സെന്‍റ് ഭൂമിയാണ് ഒഴിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 67 പേരുടെ പേരിലുള്ള ഈ ഭൂമിയിൽ സർക്കാർ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.