തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവർക്ക് യുജിസി യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ചട്ടവിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി പിരിച്ചു വിടാതിരിക്കാൻ ഗവർണർ ഹിയറിങ്ങ് നടത്തിയ വിസിമാരിൽ ഉൾപ്പെട്ടവരാണിവർ. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ട് വിസിമാരെയും പുറത്താക്കിയത്. അതേസമയം ഉത്തരവ് പുറത്തു വന്നാലും വിസിമാർക്ക് ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും, 10 ദിവസം കഴിഞ്ഞ് മാത്രമേ പുറത്താക്കൽ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂവെന്നുമുള്ള ഹൈക്കോടതി വിധി നിലവിലുണ്ട്.
കാലിക്കറ്റ് വിസി യുടെ നിയമനത്തിനുള്ള കമ്മിറ്റിയിൽ ഗവൺമെന്‍റ് ചീഫ് സെക്രട്ടറി പങ്കെടുത്തതും, സംസ്‌കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം നൽകിയതുമാണ് നിയമനം അസാധു ആകുന്നതിന് കാരണമായത്.
Also Read: പോരിനിടയിലും ഗവര്‍ണറുടെ ചെലവുകള്‍ക്കായി കോടികള്‍ അനുവദിച്ച് സര്‍ക്കാര്‍
സമാന രീതിയിൽ നിയമിക്കപ്പെട്ട ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിലും ഗവർണർ യുജിസിയോട് അഭിപ്രായം തേടിയിട്ടുണ്ട്. ഈ വിസിമാരെ സർവ്വകലാശാലയിൽ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതു കൊണ്ട് അവർക്ക് നിയമപരമായ സംരക്ഷണം ഉണ്ടെന്നാണ് വാദം.
എന്നാൽ യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരം കിട്ടിക്കഴിഞ്ഞാൽ വിസിമാർ യുജിസി ചട്ട പ്രകാരം നിയമിക്കപ്പെടേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യുജിസിയുടെ മറുപടി ലഭ്യമായ ശേഷം മാത്രമേ ഈ രണ്ടു വിസിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ. ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
തുടക്കം കെടിയുവിൽ: കെടിയു വിസി രാജശ്രീയെ സുപ്രിം കോടതി ചട്ട വിരുദ്ധ നിയമനമെന്ന് ചൂണ്ടി കാട്ടി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണർ സംസ്ഥാനത്തെ 11 വിസിമാർക്ക് ചട്ട വിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി പുറത്താക്കാതിരിക്കാൻ നോട്ടീസ് നൽകിയത്.