തിരുവനന്തപുരം:ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്ന നിലപാടിൽ അയവ് വരുത്തി ഗവർണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ കാര്യങ്ങൾക്കായി ഗവർണറുടെ വസതിയിലേക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. ഗവർണറുടെ വസതിയിലേക്ക് ഉദ്യോഗസ്ഥരെ ഇനി സ്വാഗതം ചെയ്യില്ലെന്ന തെറ്റായ ധാരണയിലാണ് ചില മാധ്യമങ്ങൾ വാര്‍ത്ത നൽകിയതെന്ന് രാജ്ഭവൻ പ്രസ്‌താവനയിൽ പറഞ്ഞു.
രാജ്ഭവനിലേക്ക് വിശദീകരണം നൽകരുതെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി നിർദേശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇതുവരെ സർക്കാർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ഔദ്യോഗിക കാര്യങ്ങൾക്കായി വന്നിരുന്നുവെന്നും അവരെ സത്‌കരിച്ചിരുന്നതായും പ്രസ്‌താവന വ്യക്‌തമാക്കി. ഇപ്പോൾ മുതൽ ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ അവരെ സ്വാഗതം ചെയ്യില്ല. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്ക്, അവർക്ക് എപ്പോഴും സ്വാഗതം. സംസ്ഥാനത്ത് നടക്കുന്ന ‘സംസ്ഥാനത്തിനെതിരായ കുറ്റകൃത്യങ്ങൾ’ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇരുട്ടിൽ തപ്പുകയാണെന്ന് ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം പറഞ്ഞത്.