കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി; ഉടന്‍ പരിഹാരമില്ലെങ്കില്‍ പണിമുടക്കെന്ന് മുന്നറിയിപ്പ് - സര്‍ക്കാര്‍ ജീവനക്കാര്‍

സ്‌പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Government employees salary problem  salary problem  ശമ്പള പ്രതിസന്ധി  സര്‍ക്കാര്‍ ജീവനക്കാര്‍  ശമ്പള വിതരണം
Government employee's salary problem

By ETV Bharat Kerala Team

Published : Mar 6, 2024, 10:17 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ പ്രതിസന്ധി ഇന്ന് അവസാനിച്ചേക്കും. എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊലീസ്, റവന്യൂ എന്നീ വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇനി ശമ്പളം നല്‍കാനുള്ളത്. ഇന്ന് ഉച്ചയോടെ ശമ്പള വിതരണം പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷക്കുന്നത്.

ഇതോടൊപ്പം ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ശമ്പള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഉടനടി ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയനും, വിഷയത്തില്‍ സ്‌പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് നിയമസഭ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (Government employee's salary problem). കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞതനുസരിച്ച് ഇന്നത്തോടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകണം. എന്നാല്‍ അതുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ മാസം പകുതിയോടെ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാകൂ എന്നതാണ് സ്ഥിതി. ഇത് ബോധ്യമായതോടെയാണ് കൂടുതല്‍ വകുപ്പുകളിലെ ജീവനക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.

അതേസമയം ശമ്പള വിതരണത്തിന് പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന വാദം ശക്തമാക്കുകയാണ് ഇടതു പക്ഷ സംഘടനകളും സര്‍ക്കാരും. കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തരമായി 13,000 കോടി അനുവദിക്കാമെന്ന നിര്‍ദേശം കേരളം തള്ളിയിരുന്നു (Government employee's salary problem).

ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. ഈ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്‍റെ ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി 26,000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

തിങ്കളാഴ്‌ച (04-03-2024) 40 ശതമാനം ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ശമ്പളം വിതരണം ചെയ്യാനായത്. ഇന്നലെയും (05-03-2024) ഭാഗികമായാണ് ശമ്പള വിതരണം നടന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക ലഭ്യമാക്കുന്നതിന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

ABOUT THE AUTHOR

...view details