കേരളം

kerala

By ETV Bharat Kerala Team

Published : 21 hours ago

ETV Bharat / state

ഉദുമ മുൻ എംഎല്‍എ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു - KP Kunjikannan Passes Away

മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റുമായിരുന്ന കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു  മുൻ ഉദുമ എംഎല്‍എ അന്തരിച്ചു  KP Kunjikannan  KP Kunjikannan death
KP Kunjikannan (ETV Bharat)

കണ്ണൂര്‍ :ഉദുമ മുൻ എംഎല്‍എയും കാസർകോട് മുൻ ഡിസിസി പ്രസിഡന്‍റുമായിരുന്ന കെപി കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

സെപ്‌റ്റംബര്‍ നാലിന് ഉച്ചയ്ക്ക് നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്താണ് കാറപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, തളിപ്പറമ്പ് താലൂക്ക് എജുക്കേഷല്‍ കോപറേറ്റീവ് സൊസൈറ്റി, പയ്യന്നൂര്‍ സഹകാരി പ്രിന്‍റേഴ്‌‍സ് എന്നിവയുടെ സ്ഥാപകനാണ് കെപി കുഞ്ഞിക്കണ്ണന്‍. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊംപ്കോ സംസ്ഥാന പ്രസിഡന്‍റ്, കടന്നപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റ്, പയ്യന്നൂർ കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, കേരഫെഡ് ചെയര്‍മാന്‍, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയറക്‌ടർ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. എല്ലാ തലങ്ങളിലും തിളങ്ങിയ നേതാവാണ് കെപി കുഞ്ഞിക്കണ്ണൻ. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർകോട് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയിരുന്നത്. കാസർകോട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം വളർത്തുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോൺഗ്രസിന് പുതിയ ഊർജവും ശക്തിയും നൽകി. കെ കരുണാകരൻ്റെ അടുത്ത അനുയായിരുന്ന കെപി കുഞ്ഞിക്കണ്ണൻ 1987ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് സിപിഎം സ്ഥാനാർഥിയായിരുന്ന കെ പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

2005 മെയ് ഒന്നിന് കെ കരുണാകരൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രധാന നേതാവായിരുന്നു കെപി കുഞ്ഞിക്കണ്ണൻ. എന്നാൽ ഒരു ചെറിയ കാലയളവിന് ശേഷം കെ കരുണാകരൻ കോൺഗ്രസിലേക്ക് വീണ്ടുമെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം കെപി കുഞ്ഞിക്കണ്ണനും മാതൃസംഘടനയിൽ തിരിച്ചെത്തി.

കടവത്തു പുത്തലത്തു കുഞ്ഞങ്ങമ്മയുടെയും കുഞ്ഞമ്പു പൊതുവാളുടെയും മകനായി 1949 സെപ്‌റ്റംബര്‍ ഒമ്പതിനാണ് അദ്ദേഹത്തിന്‍റെ ജനനം. തീര്‍ത്തും ദരിദ്രമായ കുടുംബസാഹചര്യങ്ങള്‍ അതിജീവിച്ചു കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ ആയിരുന്നു കെപി കുഞ്ഞിക്കണ്ണന്‍റെ ബാല്യം. അന്നൂർ യുപി സ്‌കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭാര്യ: കെ സുശീല (റിട്ട. പ്രഥമാധ്യാപിക കാറമേൽ എഎൽപി സ്‌കൂൾ), മക്കൾ: കെപികെ തിലകൻ (അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെപികെ തുളസി (അധ്യാപിക സെയിൻ്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ പയ്യന്നൂർ), മരുമക്കൾ: അഡ്വ. വീണ എസ് നായർ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്), സഹോദരങ്ങൾ: കെപി കമ്മാരൻ, കെപി ചിണ്ടൻ, കെപി നാരായണൻ.

Also Read:മക്കളുടെ വാദം കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും

ABOUT THE AUTHOR

...view details