കല്‍പ്പറ്റ:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രവും ചിഹ്നവും പതിച്ചുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്‌ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലയിങ് സ്‌ക്വാഡ് കിറ്റ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ തിരുനെല്ലി പൊലീസ് കേസെടുത്തത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ അനുമതി നല്‍കിയിരുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായ തോൽപ്പെട്ടി, വേണാട്ട് വീട്ടിൽ, വിഎസ് ശശികുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ അരിമില്ലിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. 38 ഓളം കിറ്റുകളാണ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. പ്രിയങ്കാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങളും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച കിറ്റുകൾ പ്രദേശത്ത് വിതരണം ചെയ്‌തതായി സിപിഎം ആരോപിച്ചിരുന്നു.
മേപ്പാടി, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനുള്ളതാണെന്നുള്ള വിവരം കിറ്റിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ലഭിക്കാൻ വേണ്ടി കോണ്‍ഗ്രസ് വിതരണം ചെയ്യാന്‍ വച്ച കിറ്റുകളാണ് പിടികൂടിയതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.