എറണാകുളം: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവത്തില്‍ പൊലീസിൽ പരാതി നൽകി ഏലൂർ നഗരസഭ. രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നഗരസഭ സെക്രട്ടറി പരാതി നൽകിയത്.
ഏലൂർ നഗരസഭാ പരിധിയിലും സമീപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വിവിധ ഫാക്‌ടറികളിൽ നിന്നും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രാസമാലിന്യം പെരിയാറിൽ ഒഴുക്കിയതായി അറിയുന്നു. ഈ പ്രവൃത്തി മൂലം നിരവധി മത്സ്യങ്ങൾ നദിയിൽ ചത്തു പൊങ്ങി. കൂടാതെ നദിയുടെ ആവാസവ്യവസ്ഥയെ തകർത്തിരിക്കുകയാണ്. നിയമവിരുദ്ധമായ ഈ പ്രവൃത്തി കാരണം നിരവധി മത്സ്യകർഷകർക്ക് കടുത്ത സാമ്പത്തിക നഷ്‌ടം സംഭവിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പ്രവൃത്തിച്ച സ്ഥാപനങ്ങൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.
തിങ്കളാഴ്‌ച രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരിമീൻ, ചെമ്മീൻ,ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയിൽ കൂടിറക്കി മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടാക്കിയത്.