ആലപ്പുഴ: പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം സ്വദേശി കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. ചെറുതന പഞ്ചായത്തിലെ പോച്ച ദേവസ്വംതുരുത്ത് പാടത്ത് വച്ചാണ് അപകടമുണ്ടായത്.
ഇന്ന് (ഒക്‌ടോബർ 24) രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ (ഒക്‌ടോബർ 23) രാത്രിയിലെ ശക്തമായ കാറ്റിൽ വൈദ്യുത ലൈൻ പാടശേഖര പുറംബണ്ടിൽ പൊട്ടി വീണിരുന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശവാസികൾ എടത്വാ കെഎസ്‌ഇബി ഓഫിസിൽ അറിയിച്ചെങ്കിലും ഫ്യൂസ് ഊരി മാറ്റാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നിർദ്ദേശിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജീവനക്കാർ നിർദ്ദേശിച്ചതനുസരിച്ച് നാട്ടുകാർ ഫ്യൂസ് ഊരി മാറ്റിയെങ്കിലും ലൈനിൽ വൈദ്യുതി പ്രവഹിച്ചിരുന്നു. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുത ലൈനിൽ ചവിട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ബെന്നി ജോസഫിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ട്രെയ്‌നിൽ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ:ഷൊർണൂരിൽ ട്രെയിനിൽ വച്ച് പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ സ്വദേശി സന്തോഷാണ് (34) മരിച്ചത്. ഇന്ന് (ഒക്‌ടോബർ 24) ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നീട് വാതിൽ തുറന്നില്ലെന്ന് അമ്മ പറയുന്നു. ഇന്ന് ഉച്ചയ്‌ക്ക് അമ്മയും നാട്ടുകാരും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്കിൽ തഹസിൽദാറുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Also Read:പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു