കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴക്കാട്ട് കോളനിയിലെത്തുന്ന ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്‌ചയാണ് സുമയുടെയും രാജന്‍റെയും ജീവിതം. ഓട്ടിസം ബാധിച്ച ഏക മകൾ സുമിജയെ പരിചരിച്ചുള്ള സുമയുടെയും രാജന്‍റെയും ജീവിതത്തിന് ഇപ്പോൾ സുമിജയുടെ അതേ പ്രായം, 36 വയസ്. സംസാരിക്കാനോ നടക്കാനോ ഒന്നു നേരെ ഇരിക്കാൻ പോലും പറ്റാത്ത സുമിജയുടെ താങ്ങും തണലുമാണ് ഈ വൃദ്ധ മാതാപിതാക്കൾ.
ജീവിത പ്രാരാബ്‌ധം കൂടിയതോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മകൾക്ക് കൃത്യമായ ചികിത്സ നൽകാൻ പോലും പ്രയാസപ്പെടുകയാണ് ഈ കുടുംബം. ആഴ്‌ചയിൽ മൂന്നുദിവസം രാജന്‍ കോഴിക്കോട്ടെ പലസ്ഥലങ്ങളിലും ഉന്തുവണ്ടികളിൽ പച്ചക്കറി കച്ചവടം നടത്തുമ്പോൾ കിട്ടുന്ന വരുമാനത്തിലാണ് കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ഭക്ഷണത്തിനു പോലും തികയുന്നില്ല.
രാജന് കിട്ടുന്ന വാർദ്ധക്യകാല പെൻഷനും സുമിജയുടെ വികലാംഗ പെൻഷനും കിട്ടിയിട്ട് ഏഴ് മാസം കഴിഞ്ഞു. അതോടെ സഹകരണ ബാങ്കിൽ നിന്ന് വാങ്ങിയ രണ്ട് ലക്ഷം രൂപ ലോണിന്‍റെ തിരിച്ചടവ് മുടങ്ങി. ഇനി ജപ്‌തി നോട്ടിസ് ഏതു സമയത്തും ലഭിക്കുമെന്ന ആശങ്കയിലാണ് കുടുംബം.