പത്തനംതിട്ട: യുകെയിൽ നഴ്‌സിങ് അസിസ്‌റ്റന്‍റ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം 50,000 രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയെ റാന്നി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്‌റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോൺ (42) ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഡിസംബർ 22 ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നും, ജോമോന്‍റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹൻ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്.
റാന്നി പാലത്തിനടുത്താണ് ജോമോൻ നടത്തുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്‍റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയിൽ നിന്നും പണം കൈപ്പറ്റിയത്. തുടർന്ന് ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്‌തില്ല എന്നാണ് പരാതി. ഈ മാസം രണ്ടിന് റാന്നി പൊലീസ് സ്റ്റേഷനിൽ എത്തി യുവതി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, റാന്നി പഴവങ്ങാടി ബ്രാഞ്ചിൽ ഉള്ള ജോമോന്‍റെ ബാങ്ക് അക്കൗണ്ടിന്‍റെ 2023 ഓഗസ്റ്റ് ഒന്ന് മുതലുള്ള ഇടപാടുകളുടെയും കെ വൈ സി സംബന്ധിച്ചതുമായ വിവരങ്ങളും ശേഖരിച്ചു.
യുവതി രണ്ടാം പ്രതി മുഖേന പണം അയച്ചതിന്‍റെ തെളിവിലേക്ക്, ഇയാളുടെ പേരിൽ റാന്നി പഴവങ്ങാടി ശാഖയിലെ കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതലുള്ള ഇടപാടുകയുടെ രേഖകളും, കെ വൈ സി വിവരങ്ങളും, യുവതിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകളും മറ്റും ലഭ്യമാക്കി വിശദമായി പരിശോധിച്ചു.