കോഴിക്കോട് : കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് റെയ്‌ഡിൽ പേരാമ്പ്രയിൽ നിന്ന് 3.22 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. പണത്തിന്‍റെ ഉറവിടം തേടുന്ന കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് കസ്റ്റഡിയിലുള്ള സ്വർണ വ്യാപാരികളെ ചോദ്യം ചെയ്‌ത് വരികയാണ്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് കസ്റ്റഡിയിൽ എടുത്ത ദീപക്, ആനന്ദ് എന്നിവരുടെ വേരുകൾ മഹാരാഷ്ട്രയിലാണെന്ന് വ്യക്തമായി.
ഇരുവരെയും തേടി ഡിആർഐ എത്തിയതും മുംബൈ, പൂനെ യൂണിറ്റുകളിൽ നിന്നാണ്. ദീർഘനാളായി ഇരുവരും ഡിആർഐയുടെ നിരീക്ഷണ വലയത്തിലായിരുന്നു. ദീപക്കും ആനന്ദും താമരശേരി വഴി കാറിൽ പോയ സമയത്താണ് ഡിആർഐ സംഘം പിന്തുടർന്നത്. അത് അവസാനിച്ചത് പേരാമ്പ്ര ചിരുതകുന്നിലെ ഇരുവരുടെയും താമസ സ്ഥലത്തും.
മുറികൾ ഓരോന്നായി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. വാഹനങ്ങൾ പരിശോധിച്ചപ്പോഴും പ്രത്യക്ഷത്തിൽ ഒന്നും ലഭിച്ചില്ല. പിന്നാലെയാണ് കാറിന്‍റെ രഹസ്യ അറ കണ്ടെത്തിയത്. കിട്ടിയത് കണക്കിൽപ്പെടാത്ത പണമാണ്. കോഴിക്കോട് യൂണിറ്റിൻ്റെ കൂടി സഹായത്തിൽ എണ്ണി തിട്ടപ്പെടുത്തിയത് 3.22 കോടി രൂപ. പണത്തിന്‍റെ രേഖകൾ ബോധ്യപ്പെടുത്താൻ ദീപക്കിനും ആനന്ദിനും കഴിഞ്ഞില്ല.