എറണാകുളം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ജില്ല ഭരണകൂടം. ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ജില്ല കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ സജ്ജമാണെന്ന് യോഗം വിലയിരുത്തി.
അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ നിലനിൽക്കാനുള്ള സാഹചര്യമാണുള്ളത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റാന്‍ ജില്ല കലക്‌ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍ദേശിച്ചു. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിർദേശം നൽകി.
തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫിസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഫയര്‍, പൊലീസ്, ഗതാഗതം, തദ്ദേശവകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. കേന്ദ്ര ഏജൻസികളായ നേവി, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ് എന്നിവയും രംഗത്തുണ്ട്.
വിവിധ സേനാവിഭാഗങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. നിലവിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സബ് കലക്‌ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.