കേരളം

kerala

ETV Bharat / state

എറണാകുളം മാർക്കറ്റ് കോംപ്ലക്‌സിന് ഇനി പുതിയ മുഖം; വിശാലമായ മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും - MARKET COMPLEX INAUGURATION

1.63 ഏക്കർ സ്ഥലത്ത് മൂന്ന് നിലകളിലായി 19,900 ചതുരശ്രമീറ്ററിലാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ERNAKULAM MARKET COMPLEX  എറണാകുളം മാർക്കറ്റ് കോംപ്ലക്‌സ്  SMART CITY SCHEME  CM PINARAYI VIJAYAN
ERNAKULAM MARKET COMPLEX (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

എറണാകുളം:വാണിജ്യ കേന്ദ്രമായ എറണാകുളം മാർക്കറ്റിലേക്ക് ഇനി മൂക്കു പൊത്താതെ പോകാം. പൊട്ടി പൊളിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ മാർക്കറ്റ് ഇനി പഴങ്കഥയാണ്. മാറുന്ന കൊച്ചിക്ക് അലങ്കാരമായി മനോഹരമായ മാർക്കറ്റ് കോപ്ലക്‌സ് പ്രവർത്തനം തുടങ്ങുന്നു. ലോകോത്തര നിലവാരമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള, വിശാലമായ മാർക്കറ്റ് കോപ്ലക്‌സാണ് യാഥാർഥ്യമായിരിക്കുന്നത്.

രാജകീയയായ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മാർക്കറ്റ് കോപ്ലക്‌സ് ഇന്ന് വൈകുന്നേരം (ഡിസംബർ 14) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 72.69 കോടി രൂപ ചെലവിൽ മാർക്കറ്റ് കോപ്ലക്‌സ് നിർമിച്ചത്. കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡും കൊച്ചി കോർപറേഷനും സഹകരിച്ചാണ് ആധുനിക മാർക്കറ്റ് നിർമിച്ചത്.

സിഎസ്എംഎൽ സിഇഒ ഷാജി വി നായർ ഇടിവി ഭാരതിനോട്. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1.63 ഏക്കർ സ്ഥലത്ത് മൂന്ന് നിലകളിലായി 19,900 ചതുരശ്രമീറ്ററിലാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമിച്ചത്. നിലവിൽ താത്‌കാലിക മാർക്കറ്റിൽ പ്രവർത്തിക്കുന്ന കടകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് സിഎസ്എംഎൽ സിഇഒ ഷാജി വി നായർ പറഞ്ഞു. നിർമാണ സമയത്ത് തന്നെ അവരുടെ ജീവിത മാർഗം സംരക്ഷിച്ചാണ് മാർക്കറ്റിലെ പുതിയ കെട്ടിടം പൂർത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ലോകോത്തര നഗരങ്ങളിലെ ആധുനിക മാർക്കറ്റുകളോട് താരതമ്യപ്പെടുത്താനാവുന്ന നിലയിലാണ് ഈ മാർക്കറ്റ് ഒരുക്കിയത്. കൊച്ചിയുടെ പ്രത്യേകതകളാകെ ഉൾകൊള്ളുന്ന നിർമാണ രീതിയാണ് അവലംബിച്ചത്. വിനോദസഞ്ചാര രംഗത്തുൾപ്പെടെ കൊച്ചിയുടെ കുതിപ്പിന് പുതിയ ഊർജമേകാൻ എറണാകുളം മാർക്കറ്റിന് കഴിയും. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്കും, പാർക്കിങ്ങിനുമുൾപ്പെടെ നൽകിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്.

ആകെ 275 കട മുറികളാണ് മാർക്കറ്റ് കോംപ്ലക്‌സിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി - മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉൾപ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകൾ, ഏഴ് പഴക്കടകൾ, മുട്ട വിൽപ്പനയ്ക്കായി മൂന്ന് ഷോപ്പുകൾ എന്നിവയും പുതിയ മാർക്കറ്റ് കോംപ്ലക്‌സിൽ ഉണ്ട്.

ഗ്രൗണ്ട് ഫ്ലോറിൽ മാത്രം 183 ഷോപ്പുകൾ ഉണ്ടാവും. ഭാവിയിൽ ആവശ്യമെങ്കിൽ രണ്ടും മൂന്നും നിലകളിൽ കൂടുതൽ ഷോപ്പുകൾ നിർമിക്കാൻ സാധിക്കും. ഇതിന് പുറമെ ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.

ഇറച്ചി, മത്സ്യവിൽപനയ്ക്ക് പ്രത്യേക സൗകര്യം

ഇറച്ചി മത്സ്യക്കച്ചവടക്കാർക്കുള്ള സ്ഥലം ഒന്നാം നിലയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രസ്‌തുത നിലയിൽ നിന്നുള്ള മണം മറ്റ് നിലകളിലേക്ക് പടരാതിരിക്കാനായി തുറസായ കട്ടൗട്ടുകൾക്ക് ടാംപേർഡ് ഗ്ലാസ് പാർട്ടീഷനുകൾ കൊടുത്തിട്ടുണ്ട്.

മൂന്ന് ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകൾ ആണ് ഈ ഏരിയയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ സുഗമമായ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിനായി എയർ സർക്കുലേഷൻ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യത്തിനായി 40 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയവും വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി രണ്ട് ഡീസൽ ജനറേറ്ററുകളുമുണ്ട്. മാർക്കറ്റിലെ മാലിന്യത്തിൽ ഒരു ടൺ വളമാക്കി മാറ്റാനുള്ള സംവിധാനം അവിടെത്തന്നെ സജ്ജമാക്കിയിട്ടുണ്ട്.

മൾട്ടി ലെവൽ കാർ പാർക്കിംഗ്

എറണാകുളം മാർക്കറ്റിനോട് ചേർന്ന് കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നിർമിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ ചടങ്ങും നടക്കും. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.

Also Read:കാസര്‍കോട്ട് ഡിവൈഎസ്‌പി - ഡിവൈഎഫ്ഐ പോര് മുറുകുന്നു; നേതാവിനോട് തെളിവ് പുറത്തുവിടണമെന്ന് ഡിവൈഎസ്‌പി

ABOUT THE AUTHOR

...view details