എറണാകുളം:ലോക്‌സഭ മണ്ഡലമായ എറണാകുളത്ത് ഇടതു മുന്നണിക്ക് പിന്നാലെ ബിജെപിയും സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സംസ്ഥാന ഉപാധ്യക്ഷനായ കെ എസ് രാധാകൃഷ്‌ണനെ പാര്‍ട്ടി സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ ഇടത് - വലത് മുന്നണി സ്ഥാനാർത്ഥികൾ പ്രചരണത്തിൽ ബഹുദൂരം മുന്നേറിയ മണ്ഡലത്തിൽ പ്രചാരണത്തിൽ ബിജെപിയും സജീവമാവുകയാണ് (Ernakulam BJP Candidate KS Radhakrishnan).
മണ്ഡലത്തിൽ തന്നെയുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു ബിജെപി ജില്ലാഘടകം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇടതു - വലതു മുന്നണികൾക്ക് ഇടയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ കൊച്ചി സ്വദേശിയും പഴയ കോൺഗ്രസുകാരനുമായ കെ എസ് രാധാകൃഷ്‌ണനിലൂടെ പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
മണ്ഡലത്തിൽ ഇതിനോടകം യുഡിഎഫ് സ്ഥാനാർത്ഥിയായ ഹൈബി ഈഡനും, ഇടതുമുന്നി സ്ഥാനാർത്ഥിയായ കെ ജെ ഷൈനും ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. എത്രയും പെട്ടന്ന് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ് കെ എസ് രാധാകൃഷ്‌ണൻ.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
"ആലപ്പുഴയില്‍ താന്‍ മത്സരിക്കുമ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം മാത്രമായിരുന്നു വോട്ട് ഉണ്ടായിരുന്നത്. താന്‍ മത്സരിച്ച് കഴിഞ്ഞപ്പോള്‍ അത് 17.2 ശതമാനമായി ഉയര്‍ന്നു. അത്തരമൊരു മാറ്റം എറണാകുളം മണ്ഡലത്തിലും ഉണ്ടാകും. തനിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. ഇന്ത്യയിലെ കോൺഗ്രസ് മണ്ഡലങ്ങളിൽ തന്നെയാണ് ബിജെപി വിജയിച്ചത്. എറണാകുളം മണ്ഡലത്തിൽ വിജയിക്കും. കൊച്ചിയിലെ ജനങ്ങൾക്ക് തന്നെ അറിയാം, മോദിയുടെ ഗ്യാരൻ്റി ഉയർത്തി കാണിച്ചായിരിക്കും പ്രചാരണം." കെ എസ് രാധാകൃഷ്‌ണൻ പറഞ്ഞു.
കെ എസ് രാധാകൃഷ്‌ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വർഗീയത ആളിക്കത്തിക്കാൻ നുണ പ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിലെത്തി കെ എസ് രാധാകൃഷ്‌ണന്‍ വോട്ട് അഭ്യർത്ഥിച്ചു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ബിജെപി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥനയുമായി എത്തി.